മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശീതയുദ്ധം; നളിനി നെറ്റോ രാജിവെച്ചു

0
6

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. പേഴ്സണല്‍ സ്റ്റാഫിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമാണ് നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.

പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. എല്‍.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം കുറഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് സൂചന. പ്രധാനപ്പെട്ട പല ഫയലുകളും താന്‍ കാണുന്നില്ലെന്ന് അവര്‍ക്ക് പരാതിയുണ്ടായിരുന്നു.

അതേസമയം വ്യക്തിപരമായ കാരണങ്ങളാണ് നളിനി നെറ്റോയുടെ രാജിക്ക് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. 1981 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. കേരളത്തിലെ ആദ്യ വനിതാ മുഖ്യ തിരെഞ്ഞടുപ്പ് ഓഫീസറാണ്. രണ്ട് വീതം നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ അവരുടെ മേല്‍നോട്ടത്തില്‍ നടത്തിയിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിടി അയഞ്ഞ് തുടങ്ങി. ഓഫീസിലെ ചില ഉന്നതരുമായുള്ള ശീതയുദ്ധമായിരുന്നു കാരണം. ഇതോടെ ഫയലുകള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തര്‍ക്കങ്ങള്‍ പലപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയരാജനായിരുന്നു.

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സിഎംഒയില്‍ (ചീഫ് മിനിസ്റ്റര്‍ ഓഫീസ്) നിന്നും പടിയിറങ്ങാന്‍ നളിനി നെറ്റോയും തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here