പ്രളയദുരിതത്തില്‍പ്പെട്ട് വീടും കൃഷി സ്ഥലങ്ങളും നഷ്ടപ്പെട്ടവര്‍ ഇന്നും പെരുവഴിയില്‍

0
2

വണ്ണപ്പുറം : പഞ്ചായത്തില്‍ പ്രളയദുരിതത്തില്‍ വീടും കൃഷി സ്ഥലങ്ങളും നഷ്ടപ്പെട്ടവര്‍ ഇന്നും പെരുവഴിയില്‍. വണ്ണപ്പുറം പഞ്ചായത്തിലെ 2, 3, 4, 5, 10, 11 വാര്‍ഡുകളിലായി 51 ഓളം ആളുകള്‍ക്ക് വീടും സ്ഥലവും നഷ്ടമായിട്ടുണ്ട്. പട്ടയക്കുടി മേഖലയില്‍ സ്ഥിരതാമസക്കാരനായ സജി മണിയംപ്രായിലിന്റെ വീട് ഉരുള്‍ പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നു പോയിരുന്നു.
സജിയും ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ പെരുവഴിയിലാണ് താമസം. അന്നുണ്ടായ പ്രളയദുരിതത്തില്‍ ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായി തകരുകയും ഇലക്ട്രിക് ഉപകരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളുമെല്ലാം ഒലിച്ചുപോവുകയും ചെയ്തു.
കരള്‍ രോഗി കൂടിയായ സജി കുടുംബത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.
വീട് നഷ്ടപ്പെട്ടതു കൂടാതെ ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം കൂടിയായ പന്നി കൃഷിയും ഭാഗികമായും തകര്‍ന്നു. ഇദ്ദേഹത്തിനുണ്ടായിരുന്ന ഇരുപതോളം പന്നി കുഞ്ഞുങ്ങളാണ് മരം ഒടിഞ്ഞുവീണ് ചത്തുപോയത്. കൂടാതെ കുരുമുളക്, കൊക്കോ, തെങ്ങ്, ഏലം മലയിഞ്ചി, ജാതി ഉള്‍പ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങളും നശിച്ചു പോയി. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കളക്ടറേറ്റ്, വില്ലേജ്, കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നു പോയതല്ലാതെ കാര്യമായ ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. ആകെ കിട്ടിയത് പതിനായിരം രൂപ മാത്രമാണ്.
തന്റെ കൃഷി തകര്‍ന്നതിനെ കുറിച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അത് രേഖപ്പെടുത്തുക പോലും ചെയ്തില്ലെന്നു സജി പറഞ്ഞു. സജി ഉള്‍പ്പെടെയുള്ള അഞ്ച് കുടുംബങ്ങള്‍ തങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കണമെന്നാവശ്യപ്പെട്ട് വണ്ണപ്പുറം വില്ലേജ് ഓഫീസിന് മുന്നില്‍ 24 മണിക്കൂര്‍ കിടപ്പു സമരം നടത്തിയതാണ്.
അന്ന് തൊടുപുഴയില്‍ നിന്ന് തഹസില്‍ദാരും സംഘവും എത്തുകയും സജിയോട് ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസില്‍നിന്ന് പട്ടയം അനുവദിക്കാമെന്നും സമ്മതപത്രം ഹാജരാക്കിയാല്‍ വീടും സ്ഥലവും ഉടന്‍ അനുവദിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സജി സമ്മതപത്രം ഹാജരാക്കിയിട്ടു പോലും അധികാരികള്‍ വാക്കുപാലിച്ചില്ലെന്നാണ് പറയുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സജിയെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പഞ്ചായത്ത് മുഖേന ഒരു വാടകവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here