ബസിലെ സംവരണ സീറ്റുകളെക്കുറിച്ച് വ്യാജ പ്രചാരണം; മുന്‍ഗണന സ്ത്രീകള്‍ക്ക് തന്നെ

0
5

കോഴിക്കോട്: ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമംമുണ്ടെന്നുള്ള സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരേ മോട്ടോര്‍ വാഹന വകുപ്പ്. സമൂഹ മാധ്യമങ്ങളിലും ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്താ നിയമപരമല്ലെന്ന് മുന്നറിയിപ്പുമായാണ് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേല്‍ക്കണമെന്നാണ് നിയമം. കെഎസ്ആര്‍ടിസി വോള്‍വോ, എസി ബസുകള്‍ ഒഴികെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. റിസര്‍വേഷന്‍ സൗകര്യമുള്ള ബസുകള്‍ക്ക് ഇത് ബാധകമല്ല. മുന്‍ഗണനാ ക്രമത്തില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെഎസ്ആര്‍ടിസി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കും.

ബസുകളില്‍ അഞ്ച് ശതമാനം സീറ്റ് അംഗപരിമിതര്‍ക്കും (ആകെ സീറ്റില്‍ രണ്ടെണ്ണം), കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ്, 20 ശതമാനം സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10 ശതമാനം സ്ത്രീകള്‍ക്ക്, 10 ശതമാനം സീറ്റ് പുരുഷന്‍മാര്‍ക്ക്), 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ അഞ്ച് ശതമാനം സീറ്റ് കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക്), ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു) ഇത്തരത്തിലാണ് ബസിലെ സംവരണ സീറ്റുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here