പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും നിരീക്ഷിച്ചാല്‍ കാലാവസ്ഥ അറിയാം. നേതാക്കളെ നിരീക്ഷിച്ചാല്‍ രാഷ്ട്രീയ കാലാവസ്ഥയും പിടികിട്ടും. ഫലവൃക്ഷത്തിലെ പക്ഷികളാണ് രാഷ്ട്രീയക്കാര്‍ എന്ന് 250 വര്‍ഷം മുമ്പ് ഒരു റഷ്യന്‍ സാഹിത്യ പ്രതിഭ നിരീക്ഷിച്ചിട്ടുണ്ട്. കാലാതീതമായ ആ നിരീക്ഷണം എല്ലാകാലത്തും എല്ലാ ദേശത്തും അര്‍ത്ഥവത്തായിക്കൊണ്ടിരിക്കുന്നത് കാണാം. പോടു വീണ് ജീര്‍ണ്ണിച്ച് തകരാന്‍ പോകുന്ന മരത്തില്‍ നിന്ന് അകലെയുള്ള പൂമരത്തിലേക്ക് പറന്നുപോകുന്ന കിൡകളോട് രാഷ്ട്രീയനേതാക്കളെ ഉപമിച്ചത് നോവലിസ്റ്റ് ദസ്‌തേവ്‌സ്‌കി ആണ്. പൂമരങ്ങളില്‍ കൂട് കൂട്ടാനും ചേക്കാറാനും വാസനയുള്ള പക്ഷിയാണ് നേതാവ്. കോണ്‍ഗ്രസിന്റെ പ്രമുഖ വക്താവായി കണ്ടിട്ടുള്ള ടോം വടക്കന്‍ ഇന്നലെ പൊടുന്നനെ ബി.ജെ.പിയില്‍ ചേര്‍ന്നു. തൃശൂര്‍ സ്വദേശിയായ വടക്കന്‍ വളരെക്കാലമായി വടക്കേ ഇന്ത്യയിലാണ്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലാണ് കേരളത്തില്‍ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ ജനങ്ങള്‍ കണ്ടിട്ടുള്ളത്. ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന വെടിപ്പില്ലാത്ത മലയാളത്തില്‍ ടോം ദേശീയ രാഷ്ട്രീയം പറയുന്നത് ടെലിവിഷന്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. പറയുന്ന ആശയങ്ങളുടെ പുതുമ നോക്കാതെ ആ ഭാഷാപ്രയോഗത്തിന്റെ കൗതുകം മൂലം പലരും ടോം വടക്കന്റെ സംഭാഷണം ശ്രദ്ധിച്ചിരിക്കും. പതിവായി ടി.വിയില്‍ ഒരു കോമിക് റിലീഫ് ആയിരുന്നു അദ്ദേഹം. ഈയിടെയായി ടോമിനെ ആ റോളിലും കാണാനില്ലായിരുന്നു.

ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടായി തള്ളിക്കളയാന്‍ കഴിയില്ല. ദീര്‍ഘകാലമായി കോണ്‍ഗ്രസ്സിന്റെ ആശയഗതികളോട് ഇണങ്ങി അത് ജനങ്ങളുടെ മുന്നില്‍ എ.ഐ.സി.സി. വക്താവ് എന്ന പദവിയിലിരുന്ന് വ്യാഖ്യാനിക്കുകയും ചെയ്ത ആള്‍ ഓര്‍ക്കാപ്പുറത്ത് എതിര്‍പാര്‍ട്ടിയിലേക്ക് പോകുന്നു. തീര്‍ച്ചയായും ആ തീരുമാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആര്‍ക്കും താല്പര്യമുണ്ടാവും. ടോം വടക്കന്‍ മാധ്യമങ്ങളോട് തന്റെ നിലപാട് മാറ്റത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ”പാക് സേന ഇന്ത്യന്‍ അതിര്‍ത്തി കടന്ന് തുടര്‍ച്ചയായി ആക്രമിക്കുന്നു. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരെ ഭീകരപ്രവര്‍ത്തകനായ ചാവേര്‍ കൂട്ടക്കൊല ചെയ്തു. പാകിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ സന്ദര്‍ഭത്തില്‍ നിര്‍ന്നിമേഷരായി നോക്കിനില്‍ക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കാവില്ല. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തക്കതായ തിരിച്ചടി പാകിസ്ഥാനില്‍ ഒളിച്ചുകഴിയുന്ന ഭീകരന്മാര്‍ക്ക് നല്‍കുകയും ചെയ്തു. അത് ഇന്ത്യയുടെ കടമയാണ്. അതിനെ അനുകൂലിക്കുകയും സ്വാഗതം ചെയ്യുകയും വേണം. അതില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തി വിമര്‍ശിക്കാന്‍ പാടില്ല. ശത്രുരാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തിനെതിരെ ആക്രമണം വന്നാല്‍ പ്രത്യാക്രമണം കൊണ്ടാണ് മറുപടി നല്‍കേണ്ടത്. അക്കാര്യം നിര്‍വ്വഹിച്ച പ്രധാനമന്ത്രിയോട് എനിക്ക് ആദരവ് തോന്നി. രണ്ടാമത്തെ കാര്യം, ദേശീയ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന വ്യക്തമായ കാഴ്ചപ്പാട് എല്ലാ അര്‍ത്ഥത്തിലും പിന്തുണ അറിയിക്കുന്നതാണ്. അതിനെ ക്രിയാത്മകമായി കാണാതെ അന്തമായി വിമര്‍ശിക്കുന്ന രീതിയോട് ഞാന്‍ യോജിക്കുന്നില്ല.” ബി.ജെ.പിയില്‍ ചേരാന്‍ മുന്‍ കോണ്‍ഗ്രസ് വക്താവ് നിരത്തുന്ന ഈ വാദങ്ങള്‍ കേള്‍ക്കാന്‍ രസമുണ്ട്. ഇത്രയും കാലം കോണ്‍ഗ്രസിന്റെ നയങ്ങളെ ജനങ്ങളോട് വിശദീകരിക്കുകയും ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും നിശിതമായി ആക്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന ടോം വടക്കന്റെ ന്യായവാദങ്ങള്‍ അപ്പടിയങ്ങു വിഴുങ്ങാന്‍ പ്രയാസമാണ്.

കഴിഞ്ഞ മാസം എ.ഐ.സി.സിയില്‍ വന്‍ അഴിച്ചുപണി നടന്നു. കേരളത്തില്‍ നിന്നുള്ള കെ. സി. വേണുഗോപാലിനെ പോലെ താരതമ്യേന പിന്മുറക്കാരനായ ഒരു നേതാവിന് സംഘടനാപരമായ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി ലഭിച്ചു. പ്രിയങ്കാ ഗാന്ധി എ.ഐ.സി.സി നേതൃത്തിലേക്കു വന്നു. കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആന്ധ്രാപ്രദേശിന്റെ സംഘടനാചുമതലയോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി. അദ്ദേഹവും എ. കെ. ആന്റണിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. ഈ മാറ്റങ്ങള്‍ക്കിടയില്‍ എ.ഐ.സി.സിയുടെ മുന്‍ സെക്രട്ടറി കൂടിയായ വക്താവ് ടോം വടക്കന്റെ കാര്യം രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ മറ്റാരെങ്കിലുമോ പരിഗണിച്ചില്ല. വ്രണിത ഹൃദയനായി മാസങ്ങളോളം കാത്തിരുന്ന ടോം വടക്കന്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരുമല്ല. സമീപഭാവിയില്‍ എന്തെങ്കിലുമാകും എന്ന് അദ്ദേഹത്തിന് ഒരു പ്രതീക്ഷയും ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഏതെങ്കിലും ജയസാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പോലും പ്രതീക്ഷയില്ലാതായ ടോം തന്റെ രാഷ്ട്രീയ വ്യാമോഹങ്ങളെയും താലോലിച്ച് ഡല്‍ഹിയില്‍ കഴിഞ്ഞിട്ടെന്തുകാര്യം? ജന്മനാടായ തൃശൂരില്‍ നിന്ന് ലോക്‌സഭയിലെത്താന്‍ മുമ്പും ശ്രമിച്ച് പരാജയപ്പെട്ടയാളാണ് അദ്ദേഹം. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരിലെത്താന്‍ ടോം വടക്കന് കഴിയുമെന്നു പ്രതീക്ഷയില്ല. അപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളോട് കോണ്‍ഗ്രസ്സുകാരനായിരുന്ന ടോമിന് പെട്ടെന്ന് ഒരു ഇഷ്ടം തോന്നിയതില്‍ അത്ഭുതമില്ല. പിന്നെ ബാലാകോട്ടെയും പുല്‍വാമയിലെയും സൈനികകാര്യങ്ങള്‍. അതാണ് ടോമിനെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ ദേശപ്രേമത്തോട് നമിക്കുന്നു. ദേശീയ സുരക്ഷയില്‍ ഇത്രയും താല്‍പര്യമുള്ള ടോം വടക്കന്‍ ബി.ജെ.പി ഓഫീസിലേക്ക് പോകാതെ സൈനിക സേവനത്തിന് പോകുകയായിരുന്നു കൂടുതല്‍ ഉചിതം. ഇത് തമാശയല്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ പറക്കുന്ന ദിശ കാണുമ്പോള്‍ വരാന്‍ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ നല്‍കുന്നത് എന്ന് തോന്നും. ഡല്‍ഹിയില്‍ ഇരുന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന വടക്കന് നരേന്ദ്രമോദിയും ബി.ജെ.പിയും അധികാരത്തിലേക്ക് തിരിച്ചുവരും എന്ന് കാണാന്‍ കഴിയുന്നുണ്ടാകും. കോണ്‍ഗ്രസ് തകരുന്ന ഒരു വൃക്ഷമായി ടോം മനസ്സിലാക്കിയിരിക്കാം. അദ്ദേഹം പുതിയ പൂമരത്തിലേക്ക് പറന്നോട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here