സ്ഥാനാര്‍ത്ഥിപ്പട്ടികയും ലിംഗനീതിയും

0
12

തുല്യനീതിയേയും അവസരസമത്വത്തേയും കുറിച്ച് എല്ലാ പാര്‍ട്ടികളുടേയും നേതാക്കന്മാര്‍ വാചാലരാകുന്നു. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ ഭൂരിപക്ഷം പേരും പിന്നോട്ടു പോവുകയാണ്. സ്ത്രീ സമത്വവും ലിംഗനീതിയും ഉറപ്പാക്കാന്‍ ഭരണഘടനാപരമായ ബാദ്ധ്യത ഉള്ളവരാണ് രാഷ്ട്രീയ നേതാക്കള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ ഇത് ആരും പാലിക്കുന്നില്ല. സംസ്ഥാനത്ത് ഇതിനകം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലേക്ക് കണ്ണോടിക്കുക. കഷായത്തില്‍ മേമ്പൊടി ഇടുന്നതുപോലെ തെക്കും വടക്കും ഒന്നോ രണ്ടോ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍. ശബരിമല അമ്പലത്തില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിച്ച് സാമൂഹ്യവിപ്ലവം ഉണ്ടാക്കിക്കളയുമെന്നു പറഞ്ഞ സര്‍ക്കാരാണ് ഇവിടെ ഉള്ളത്. ആ സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയിലെ ഒന്നാമത്തെയും രണ്ടാമത്തെയും കക്ഷികള്‍ സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളും വീതിച്ചെടുത്തു. 4 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സി.പി.ഐ ഒരിടത്തുപോലും ഒരു സ്ത്രീയെ മത്സരിപ്പിക്കുന്നില്ല. 16 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സി.പി.എം കണ്ണൂരും പത്തനംതിട്ടയും ഓരോ വനിതകളെ മത്സരിപ്പിക്കുന്നു. പെണ്ണുങ്ങള്‍ക്കിത് മതി എന്ന അഹംഭാവം ഇടതുനേതാക്കള്‍ക്ക് ഉള്ളതുപോലെ തോന്നി. ആ പാര്‍ട്ടികളിലെ സ്ത്രീകളും നിശ്ശബ്ദമായി അത് അംഗീകരിക്കുന്നു. അവര്‍ക്ക് വേറെ നിര്‍വ്വാഹമില്ല.
പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ജനാധിപത്യമാണ് നമ്മുടേത്. അതിന് മാറ്റം വരണമെന്ന് അന്താരാഷ്ട്ര വനിതാദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ച് ഉജ്വലമായി പ്രസംഗിക്കും. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പണ്ഡിതോചിതമായി വിളമ്പും. ജനസംഖ്യയില്‍ പകുതി സ്ത്രീകളാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അഭിമാനിക്കും. അധികാരത്തിന്റെ വീതം വയ്ക്കല്‍ വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ പെണ്‍സിംഹങ്ങളെല്ലാം അനുസരണയുള്ള ആയമാരായി ചുരുണ്ടുകൂടും. എവിടെപ്പോയി അവരുടെ വീറും വാശിയും എന്നൊക്കെ അപ്പോള്‍ സമൂഹം ആലോചിക്കാറുണ്ട്. ഒരു ദശാബ്ദത്തിലേറെയായി പാര്‍ലമെന്റില്‍ സ്ത്രീസംവരണ ബില്‍ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ ഭരണകക്ഷികള്‍ പൊടിതട്ടിയെടുത്ത് സഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരും. മുട്ടുന്യായങ്ങള്‍ പറഞ്ഞ് മാറ്റിവയ്ക്കും. പുറമേ പരസ്യമായി സംസാരിക്കുന്നതുപോലെ ഈ വിഷയത്തില്‍ നേതാക്കന്മാര്‍ക്കാര്‍ക്കെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്ത്രീകളുടെ സംവരണ കാര്യം ഒരു നിമിഷം കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. പാര്‍ലമെന്റില്‍ പാസാക്കി ഒരു നിയമം വരണമെന്നില്ല നാട്ടില്‍ നീതി നടപ്പാക്കാന്‍. എല്ലാ പാര്‍ട്ടികള്‍ക്കും മാതൃകയാകാവുന്നതാണ് ഈ കാര്യത്തില്‍. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി അത്തരത്തില്‍ ഒരു ചുവടുവയ്പാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് അവിടെ സ്വീകരിച്ചത്. 41% ലോക്‌സഭാ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചുകഴിഞ്ഞു. അതേ ചുവട് ഒഡീഷയിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ബിജു ജനതാദളിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് വീതിക്കുകയാണ്. മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസോ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയോ ഇന്ത്യയിലെ ഏറ്റവും പുരോമന സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് നമ്മുടെ നാട്ടിലെ പുരോഗമനവാദികളെന്ന് ഭാവിക്കുന്നവരാരും സമ്മതിച്ചുതരില്ല. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ നീതിബോധം പുലര്‍ത്തുന്നവരാരെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി.
രാജ്യത്ത് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നത് 90 കോടി സമ്മതിദായകരാണ്. 44.5 കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. 8000 സ്ഥാനാര്‍ത്ഥികള്‍ 543 മണ്ഡലങ്ങളിലായി ജനവിധി തേടുന്നു. കുറഞ്ഞത് ഒരു 3000 സ്ഥാനാര്‍ത്ഥികളെങ്കിലും വിവിധ പാര്‍ട്ടികളിലോ അല്ലാതെയോ വനിതാസ്ഥാനാര്‍ത്ഥികള്‍ ആകേണ്ടതല്ലേ? അതല്ലേ തുല്യനീതി? ഇങ്ങനൊക്കെ ചോദിക്കുന്നതും പറയുന്നതും സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. മത്സരിക്കാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥികളെ സ്ത്രീകള്‍ക്കിടയില്‍ നിന്ന് കിട്ടില്ലെന്നായിരിക്കും അവര്‍ നിരത്തുന്ന ആദ്യത്തെ തടസ്സവാദം. എന്താണ് യോഗ്യതയുടെ പ്രഖ്യാപിത മാനദണ്ഡം? പാര്‍ട്ടികളില്‍ നേതൃപദവികളും അവസരങ്ങളും കൂടുതല്‍ തുറന്നുകൊടുത്താലല്ലേ സ്ത്രീകള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിച്ച് അവരുടെ കഴിവു തെളിയിക്കാനാവൂ. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും നേതൃത്വത്തിലേക്ക് കണ്ണോടിച്ചാല്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശുഷ്‌കത പെട്ടെന്ന് വ്യക്തമാകും. നേതാക്കന്മാരുടെ കുടുംബത്തില്‍ നിന്നല്ലാതെ, സ്വതന്ത്രമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി പദവികളിലോ തിരഞ്ഞെടുക്കപ്പെടുന്ന അധികാര സ്ഥാനങ്ങളിലോ സ്ത്രീകള്‍ക്ക് എത്താന്‍ അവസരങ്ങള്‍ വളരെ പരിമിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here