പത്തനംതിട്ടയ്ക്കുവേണ്ടി ശ്രീധരന്‍പിള്ളയും സുരേന്ദ്രനും; അമിത്ഷായുടെ തീരുമാനം ഇന്ന്; തുഷാര്‍ തൃശൂരില്‍ തന്നെ

0
5

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ഥികളെ ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇന്നു പ്രഖ്യാപിക്കും. പ്രമുഖ നേതാക്കള്‍ ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ സംസ്‌കാരച്ചടങ്ങിനു പോയതിനാല്‍ സാധ്യതാ പട്ടികയില്‍ ഇന്നലെ ചര്‍ച്ച നടന്നില്ല.

സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാ പട്ടികയില്‍ പി.എസ്. ശ്രീധരന്‍ പിള്ളയാണു പത്തനംതിട്ടയിലെ ഒന്നാം പേരുകാരന്‍. എന്നാല്‍ കേന്ദ്ര നേതൃത്വത്തിനു താല്‍പ്പര്യം കെ. സുരേന്ദ്രനോടാണ്. ശബരിമല ചര്‍ച്ചാവിഷയമാകുമ്പോഴുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നു പ്രാദേശിക നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

പത്തനംതിട്ടയില്ലെങ്കില്‍ ആറ്റിങ്ങലിലേക്കു സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച അല്‍ഫോണ്‍സ് കണ്ണന്താനം, മറ്റൊരു സീറ്റിലും പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നു കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എറണാകുളത്ത് കണ്ണന്താനത്തിന്റെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും അദ്ദേഹം പിന്മാറിയ സാഹചര്യത്തില്‍ ടോം വടക്കനെ സ്ഥാനാര്‍ഥിയാക്കിയേക്കും.

മത്സരിക്കാനില്ലെന്നും സംഘടനാ പ്രവര്‍ത്തനത്തിനാണു താല്‍പ്പര്യമെന്നും ശോഭാ സുരേന്ദ്രനും എം.ടി. രമേശും അറിയിച്ചിട്ടുണ്ട്.

ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. അഞ്ച് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിനാണ്. പി.സി.തോമസ് തന്നെ ഇവിടെനിന്ന് മത്സരിക്കും. ബാക്കി 14 സീറ്റുകളില്‍ ബിജെപിയാകും മത്സരിക്കുക.

ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ താഴവ സഹദേവന്‍, ആലത്തൂരില്‍ ടി.വി. ബാബു, വയനാട്ടില്‍ പൈലി വത്ത്യാട്ട് എന്നിവര്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here