യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

0
8

കൊച്ചി: തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. അയിരൂര്‍ സ്വദേശിനി കവിത വിജയകുമാര്‍ (18) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയതിനു ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഈ മാസം 12 നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു.

തിരുവല്ല ടൗണിലെ ആള്‍ത്തിരക്കേറിയ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. അയിരൂര്‍ സ്വദേശിനിയും തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി പതിവുപോലെ ക്ലാസിലേയ്ക്ക് പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജിന്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു കുപ്പികളിലായി കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

പെണ്‍കുട്ടി നിലവിളിയോടെ നിന്നു കത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ കെടുത്തുകയും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് കയ്യോടെ പിടികൂടി പോലീസിന് കൈമാറിയത്.

ഇരുവരും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചവരാണ്. ആ സമയം മുതല്‍ പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടിലും വിവാഹഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും അവരും ഇക്കാര്യം എതിര്‍ത്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here