പത്തനതിട്ടയ്ക്കുവേണ്ടി നാലുപേര്‍; ഭിന്നതകള്‍ പറഞ്ഞുതീര്‍ത്തശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപി ദേശീയനേതൃത്വം; സീറ്റ് സുരേന്ദ്രനുതന്നെ

0
1

ഡല്‍ഹി: ബിജെപിക്ക് വിജയസാധ്യത കല്‍പിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലേക്ക് നാലു സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടിറങ്ങിയത്. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, എംടി രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍ എന്നിവരാണ് പത്തനംതിട്ട സീറ്റില്‍ മത്സരിക്കാന്‍ തയാറായി രംഗത്തുണ്ടായിരുന്നത്.

പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി വലിയ തമ്മിലടിയാണ് പാര്‍ട്ടിയ്ക്കകത്ത് നടന്നത്. ആദ്യമൊക്കെ പി എസ് ശ്രീധരന്‍ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയില്‍ ആര്‍എസ്എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്.

ഇതോടെ, പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തു ശ്രീധരന്‍ പിള്ള. ബിജെപി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാര്‍ട്ടിയില്‍ തന്നെ ഉടലെടുത്ത ഭിന്നതകളെ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. ഇനി സംസ്ഥാനതലത്തില്‍ പത്തനംതിട്ടയെച്ചൊല്ലി ഒരു ചര്‍ച്ചയുണ്ടാകില്ലെന്നുറപ്പാണ്. സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്.

നേരത്തേ തന്നെ, പത്തനംതിട്ട മണ്ഡലത്തിനായി എം ടി രമേശും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയര്‍ത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്റെ കൂടി പ്രവര്‍ത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെടുന്നുണ്ട്.

ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. പത്തനംതിട്ടയാണ് തന്റെ കര്‍മമണ്ഡലമെന്നും അവസരം കിട്ടിയാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും കണ്ണന്താനം പറഞ്ഞു.

ഇടയ്ക്ക് കൊല്ലത്ത് കണ്ണന്താനത്തെ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണ സുരേന്ദ്രനാണെന്നുറപ്പായതോടെ ബാക്കിയുള്ളവരെല്ലാം പ്രതീക്ഷ ഉപേക്ഷിച്ചു. ഇനി പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ച് മുറിവുകളുണക്കിയതിനുശേഷം പ്രഖ്യാപനമുണ്ടാകും. കാണം ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപി നേതൃത്വം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സീറ്റാണ് പത്തനംതിട്ട.

LEAVE A REPLY

Please enter your comment!
Please enter your name here