വ്യാജരേഖ കേസ്: പിന്‍വലിക്കില്ലെന്ന് സഭാ സിനഡ്; നിലപാട് കടുപ്പിച്ച് വൈദിക സമിതി; വൈദികരുടെ യോഗം ഇന്ന്; കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയില്‍ സഭാനേതൃത്വം

0
5

കൊച്ചി: സിറോ മലബാര്‍ സഭയെ വിവാദത്തിലാക്കിയ വ്യാജരേഖ കേസ് ഒത്തുതീര്‍ക്കുകയോ പിന്‍വലിക്കുകയോവേണ്ടെന്ന സഭയുടെ സ്ഥിരം സിനഡിന്റെ തീരുമാനത്തിനു പിന്നാലെ നിലപാട് കടുപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപത. വിവാദവിഷയം ചര്‍ച്ച ചെയ്യുന്നതിനായി വൈകിട്ട് നാലിന് വൈദിക സമിതി യോഗം വിളിച്ചിട്ടുണ്ട്. അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് ആണ് യോഗം വിളിച്ചിരിക്കുന്നത്. വൈദികരുടെ ആവശ്യത്തെ തുടര്‍ന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ വൈദികരുടെ യോഗം വിളിച്ചിരിക്കുന്നത്.

അതിരൂപതയിലെ വൈദികരുടെ യോഗം രാവിലെ നടന്നിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിയാക്കിയതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് വൈദികര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരനായ ഫാ.ജോബി മാപ്രകാവില്‍ എം.എസ്.ടിയെ സിറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ചുമതലയില്‍ നിന്ന് നീക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. മെത്രാനെതിരെ വൈദികന്‍ പരാതി നല്‍കിയത് കനോന്‍ നിയമത്തിന്റെ ലംഘനമാണെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടി.

മാര്‍പാപ്പയുടെ പ്രതിനിധിയായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്തിനെതിരെ അന്വേഷണം നടത്താനോ പരാതി നല്‍കാനോ സിനഡിന് പോലും അധികാരമില്ലെന്നിരിക്കേ വൈദികന്‍ അദ്ദേഹത്തെ പ്രതിയാക്കി കേസ് നല്‍കിയത് കാനോന്‍ നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. ജോബി മാപ്രക്കാവിനെ പുറത്താക്കുകയോ എം.എസ്.ടി സഭ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ നീക്കം.

വിവാദ ഭൂമി ഇടപാടിന്റെ സമയത്ത് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളത്തെ രണ്ട് ബിസിനസ് സ്ഥാപനത്തിലേക്ക് തന്റെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയെന്ന കാണിക്കുന്ന ബാങ്ക് രേഖകള്‍ ഫാ.പോള്‍ തേലക്കാട്ടിനു ലഭിച്ചിരുന്നു. ഈ രേഖകളുടെ ആധികാരികത അറിയില്ലെന്നും സത്യാവസ്ഥ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫാ.തേലക്കാട് തന്റെ മേലധികാരിയായ ജേക്കബ് മനത്തോടത്തിന് രേഖകള്‍ കൈമാറുകയായിരുന്നു. ഇക്കാര്യം സിനഡില്‍ ചര്‍ച്ച ചെയ്തതോടെയാണ് വ്യാജരേഖയെ കുറിച്ച് അന്വേഷിക്കാന്‍ സിനഡ് തീരുമാനിച്ചത്.

വ്യാജരേഖയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണത്തിനായി പരാതി നല്‍കാന്‍ സിനഡ് ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതുപ്രകാരം പരാതി നല്‍കിയ ഫാ.ജോബി പിന്നീട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനും ഫാ.പോള്‍ തേലക്കാടിനും എതിരെ മൊഴി നല്‍കുകയും ഇവരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. രേഖയുടെ ഉറവിടം കണ്ടെത്തുന്നതിനു പകരം രേഖകള്‍ ലഭിച്ചവരെ പ്രതികളാക്കിയതാണ് സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here