ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കും; ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥി

0
11

കൊച്ചി: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പു ഗോദയിലേക്ക്. കേരളത്തില്‍ ആദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജോലി രാജിവച്ചാണിപ്പോള്‍ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ ഭാഗമായി തന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ജേക്കബ് തോമസിന്റെ പരിപാടി.

കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമനക്കേസില്‍ ജേക്കബ് തോമസ് ഇടപെട്ടതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനാകുന്നത്.

ആദ്യം വിജിലന്‍സ് ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നീട് മൂന്ന് സസ്‌പെന്‍ഷനുകള്‍. ആദ്യം ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. അനുവാദമില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകമെഴുതിയതിന് രണ്ടാമതും സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടര്‍ന്ന് മൂന്നാമതും സസ്‌പെന്‍ഷനിലായി. പിന്നീട് സസ്‌പെന്‍ഷന്‍ കാലവധി സര്‍ക്കാര്‍ നീട്ടികൊണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here