ചരിത്ര സ്മൃതിയുറങ്ങുന്ന മണ്ണില്‍ സതീഷ്ചന്ദ്രന് ഉജ്ജ്വല വരവേല്‍പ്പ്

0
2
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തയപ്പോള്‍.

പയ്യന്നൂര്‍: ഏഴിമലയുടെ താഴ ്വരയിലെ വീര സ്മൃതിയുറങ്ങുന്ന മണ്ണില്‍ എല്‍.ഡി.എഫ് കാസര്‍ഗോഡ് ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രന് സ്‌നേഹാര്‍ദ്ര വരവേല്‍പ്പ്. പൊതുപര്യടനത്തിന്റെ രണ്ടാം ദിവസം പയ്യന്നൂര്‍ മണ്ഡലത്തിലെങ്ങും ആവേശോജ്വല വരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കുന്നരു ബാങ്കിന് സമീപത്തുനിന്നാണ ് പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ഥി എത്തും മുമ്പേ ഉദ്ഘാടനസമ്മേളനം തുടങ്ങിയിരുന്നു. പൊതുരാഷ്ട്രീയസ്ഥിതി വ്യക്തമാക്കി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ലഘുഭാഷണം.
സതീഷ്ചന്ദ്രന്റെ വാഹനം എത്തിയതോടെ ആവേശമുദ്രാവാക്യങ്ങളുടെ പ്രകമ്പനം. ചെറിയ വാക്കുകളില്‍ വോട്ട് അഭ്യര്‍ഥിച്ച് അനശ്വര രക്തസാക്ഷി ധനരാജിന്റെ വീട്ടിലേക്ക്. കുടുംബാംഗങ്ങളുടെ ആശിര്‍വാദം സ്വീകരിച്ച് ഓണപ്പറമ്പിലേക്ക്. കൊവ്വപ്പുറത്ത് കൊന്നപ്പൂക്കള്‍ നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്ത്രീകളും കുട്ടികളും വരവേറ്റത്. തുടര്‍ന്ന് രക്തസാക്ഷി ഒ കെ കുഞ്ഞിക്കണ്ണന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന.
കൊക്കാനിശേരിയിലും കണ്ടോത്തുമെല്ലാം ഉച്ചവെയിലിനെ കൂസാതെ കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടം. തുടര്‍ന്ന് വീര ചരിതം തിടമ്പേറ്റിയ കുണിയനിലേക്ക്. രാഷ്ട്രീയപൂരക്കളിയും നാടകവും കബഡിയും മതസൗഹാര്‍ദവുമെല്ലാം തിടം വച്ച രക്തസാക്ഷികളുടെ വീരഭൂമി. 1946ല്‍ എംഎസ്പിയുടെ തോക്കിന് മുമ്പില്‍ വിരിമാറു കാട്ടി മരിച്ചുവീണ കീനേരി കുഞ്ഞമ്പുവിന്റയും തിടില്‍ കണ്ണന്റെയും നാട്. ഭക്ഷ്യക്ഷാമത്തിന്റെ നാളുകളില്‍ ചിറക്കല്‍ കോവിലകത്തേക്ക് നെല്ലു കടത്താനെത്തിയവരെ എ.വിയുടെ നേതൃത്വത്തില്‍ തടഞ്ഞ ധീരപോരാട്ടത്തിന്റെ അലകളടങ്ങാത്ത ചരിത്രഭൂമി .
എ കെ ജിയുടെ പിന്‍ഗാമിയായി പാര്‍ലമെന്റില്‍ കാലുകുത്താനൊരുങ്ങുന്ന സതീഷ്ചന്ദ്രന് നല്‍കിയത് വീരോചിതമായ വരവേല്‍പ്പ്. കരിവെള്ളൂരിലും ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ആവേശം. കൂക്കാനവും പിന്നിട്ട് പെരളത്താണ് ഉച്ചവരെയുള്ള പര്യടനം സമാപിച്ചത്.
ഏഴിമല നാവിക അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച ടി ഗോവിന്ദന്റെയും മണ്ഡലത്തിലെങ്ങും വികസനക്കുതിപ്പിന് വഴിയൊരുക്കിയ പി കരുണാകരന്റെയും പിന്‍ഗാമിയെന്ന നിലയില്‍ അവരുടെ പാത പിന്തുടര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുമെന്നാണ് യോഗങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ഉറപ്പ്. നാവിക അക്കാദമിയുടെ നിര്‍മാണഘട്ടത്തില്‍ ഏഴിമലയിലെത്തിയ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ടി ഗോവിന്ദനെ ചൂണ്ടി ഇതുപോലെ ഒരു എം.പിയെ ലഭിച്ചത് നിങ്ങളുടെ സുകൃതമാണ്’ എന്ന് പരസ്യമായി പ്രഖ്യാപിച്ചത് എല്‍.ഡി.എഫിന്റെ ജനപ്രതിനിധിക്കുള്ള അംഗീകാരമായിരുന്നു. അക്കാദമിയുടെ തുടര്‍ വികസനത്തിന് പ്രയത്‌നിച്ചത് പി കരുണാകരന്‍ എംപിയാണ്. ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹമായിരുന്നു എം.പി. രാജ്യത്തെ ഏറ്റവും പ്രധാനമായ ഒരു സ്ഥാപനം ഏഴിമലയില്‍ യാഥാര്‍ഥ്യമാക്കാന്‍ ഇടപെട്ട ഈ രണ്ട് എം.പിമാരുടെയും വികസനസങ്കല്‍പ്പങ്ങള്‍ക്ക് ചിറകു സമ്മാനിക്കാന്‍ കെ പി സതീഷ്ചന്ദ്രന് സാധിക്കുമെന്ന ഉറപ്പാണ് പ്രദേശവാസികളിലും.
മലയോരപ്രദേശങ്ങളായ കൊല്ലാടയിലും ചുണ്ടയിലും കാത്തുനില്‍ക്കുകയായിരുന്ന ഏറെയും കര്‍ഷകജനതയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ ദ്രോഹനിലപാടുമൂലം കാര്‍ഷികമേഖലയിലുണ്ടായ തിരിച്ചടിയുടെ ഇരകളാണ്.
മാറ്റത്തിന് ഒരുവോട്ട് എന്ന സന്ദേശവുമായാണ് അവര്‍ സതീഷ്ചന്ദ്രനെ വരവേല്‍ക്കുന്നത്. സമാപനകേന്ദ്രമായ മുതിയലത്ത് സ്ഥാനാര്‍ഥി എത്തുമ്പോള്‍ രാത്രി. പ്രതീക്ഷകളുടെ വെളിച്ചം കാത്തുനില്‍ക്കുന്നവരുടെ മുഖത്തും ആത്മവിശ്വാസത്തിന്റെ നിറവ് സ്ഥാനാര്‍ഥിയുടെ കണ്ണുകളിലും തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here