ദീപ നിശാന്തിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം; ഭാര്‍ഗവി തങ്കപ്പനെക്കുറിച്ച് കൂടുതല്‍ ഓര്‍മപ്പെടുത്തലുകളുമായി പോസ്റ്റുകള്‍

0
17

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ജാതീയമായി അപമാനിച്ച ദീപ നിശാന്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നു. ദളിത് സംഘടനകള്‍ ദീപയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ലിജീഷ് കുമാര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ഇത്തരത്തില്‍ ശ്രദ്ധേയമാകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

2000 ഒക്റ്റോബര്‍ 21, നായനാര്‍ ഭരണത്തിന്റെ അവസാന സമയം. പറഞ്ഞ് വരുന്നത് കല്ലുവാതുക്കലിനെക്കുറിച്ചാണ്. വ്യാജമദ്യ ദുരന്തത്തില്‍ 33 പേരുടെ മരണം നടന്ന, അതിലേറെപ്പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ട കല്ലുവാതുക്കലിനെക്കുറിച്ച്. മുഖ്യപ്രതി മണിച്ചന്‍. മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങി എന്ന് കല്ലുവാതുക്കല്‍ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്ററിസ് വി.പി.മോഹന്‍കുമാര്‍ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2002 ല്‍ സി.പി.ഐക്ക് ജില്ലാ കൗണ്‍സിലില്‍ നിന്ന് പുറത്താക്കേണ്ടി വന്ന ഒരു മഹിളാ നേതാവുണ്ട്, സഖാവ് ഭാര്‍ഗവി തങ്കപ്പന്‍

തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും രമ്യ എന്ന് അവകാശവാദമുന്നയിച്ച യൂത്ത് കോണ്‍ഗ്രസ്, 1971 ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്‍ എത്തിയ ഭാര്‍ഗവി തങ്കപ്പന്റെ മഹത്തായ ചരിത്രം മറന്നിട്ടുണ്ടാകണം എന്ന് ദീപ നിശാന്ത് എഴുതിയത് വായിക്കവെയാണ് ആ പുകള്‍പെറ്റ ചരിത്രം ഞാനോര്‍ത്തത്. എന്റെ ടീച്ചറേ, സി.പി.ഐ പോലും അതൊക്കെ മറക്കാന്‍ നോക്കുകയാണ്, എന്നിട്ടല്ലേ യൂത്ത് കോണ്‍ഗ്രസ്.

ടീച്ചറേതായാലും കല്ലുവാതുക്കലിനെയും മണിച്ചനെയുമെല്ലാം തിരിച്ച് കൊണ്ടുവന്നതല്ലേ, നമുക്ക് അതിന്റെയൊക്കെ സമീപചരിത്രം കൂടി പരിശോധിച്ചേക്കാം. ഗവണ്‍മെന്റ് തയ്യാറാക്കിയ ശിക്ഷായിളവ് കൊടുക്കേണ്ട നല്ലവരായ പ്രതികളുടെ ലിസ്റ്റ് ഗവര്‍ണര്‍ മടക്കിയത് ടീച്ചറോര്‍ക്കുന്നുണ്ടാകും.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികള്‍, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം എന്നീ പ്രമുഖര്‍ക്കൊപ്പം പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ സഖാവ് ഭാര്‍ഗവി തങ്കപ്പന്റെ മണിച്ചനുമുണ്ടായിരുന്നു. ഭാര്‍ഗവി തങ്കപ്പന്‍, ഒരൊറ്റ ഭാര്‍ഗവി തങ്കപ്പനല്ല എന്ന് സാരം. എങ്കിലും മണിച്ചനെ മേപ്പറഞ്ഞ കൂട്ടാളികള്‍ക്കൊപ്പം ഞാന്‍ കൂട്ടിവായിക്കുന്നില്ല. അയാള്‍ ദീര്‍ഘകാലം ശിക്ഷയനുഭവിച്ചു എന്നതും, ജയില്‍ അയാളില്‍ മാറ്റമുണ്ടാക്കി എന്നതും നേരാണ്.

മത്സരാര്‍ത്ഥിയുടെ ക്വാളിറ്റിയെക്കുറിച്ച് ടീച്ചര്‍ക്കുള്ള ആശങ്ക കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ, ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായിരുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആദിവാസി ദളിത് സമരങ്ങളില്‍ പങ്കെടുത്ത, യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്ററായ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ, ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ വരെ പങ്കെടുത്ത രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചാവില്ല എന്നറിയാം.

അത് പെട്ടന്ന് രാഷ്ട്രീയക്കാരായ ചരിത്ര ബോധമേതുമില്ലാത്ത മനുഷ്യരെക്കുറിച്ചാവണം. പിന്നെന്തിനാവും ടീച്ചറത് രമ്യയെക്കുറിച്ചുള്ള പോസ്റ്റിലെഴുതിയത്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം ഇന്നസെന്റിനും മുകേഷിനുമൊക്കെ വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുന്നവരല്ലേ ടീച്ചര്‍ പുലര്‍ത്തേണ്ടത് ?

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരായവരാണ് മത്സരിക്കേണ്ടത് എന്ന ടീച്ചറുടെ വിമര്‍ശനം കാമ്പുള്ളതാണ്. അങ്ങനെ ജാഗരൂഗരായ പി.ജയരാജനെയും സുധാകരനെയും പോലുള്ള മനുഷ്യസ്നേഹികള്‍ മാറ്റുരയ്ക്കുന്ന ജനാധിപത്യപ്രക്രിയ ഒരറ്റത്ത് നടക്കുന്നുണ്ടല്ലോ ടീച്ചര്‍. കവിയൂര്‍ കിളിരൂര്‍ കേസിലെ വി.ഐ.പികളൊക്കെ നമ്മുടെ തെരഞ്ഞെടുപ്പ് ഗോദയില്‍ നവോത്ഥാനം കൊണ്ടു വന്നിട്ടുണ്ടല്ലോ.

പോരാട്ടങ്ങളുടെ ചരിത്ര കാണ്ഡങ്ങള്‍ പേറുന്ന വീണ ജോര്‍ജുമാരുമുണ്ടല്ലോ ടീച്ചര്‍, ആ പാവം കുട്ടി അവരുടെ ചെറിയ ലോക പരിചയമൊക്കെ വെച്ച് അങ്ങനങ്ങ് പൊക്കോട്ടെന്നേ. അത്തരം കുട്ടികളും കേരളവര്‍മയിലെ ക്ലാസ് റൂമിലുണ്ടായിരുന്നില്ലേ ? പാട്ട് പാടാത്ത, ഡാന്‍സ് കളിക്കാത്ത, ഗൗരവമുള്ള കുട്ടികളുടെ ചേരിയില്‍ നിന്ന് മാറി, പാടിയും ആടിയും രാഷ്ട്രീയം പറഞ്ഞ ഗൗരവം കുറഞ്ഞ കുഞ്ഞുങ്ങള്‍. അവരെ ടീച്ചര്‍ക്കിഷ്ടമായിരുന്നില്ലേ ?

വ്യക്തിപരമായി സഖാവ് ബിജുവേട്ടനെ എനിക്കിഷ്ടമാണ്. അതിനര്‍ത്ഥം രമ്യ ഹരിദാസിനോട് വെറുപ്പാണ് എന്നല്ല. നിനക്കിവിടെ വരാന്‍ എന്തവകാശം, വണ്ടി വിട് മോളേ വീട്ടില്‍ പോയി പാട് എന്ന യുക്തി ഫാസിസത്തിന്റേതാണ്. ആ യുക്തി ദീപട്ടീച്ചറില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി !
ഭൂഖ് മാരീ സേ ആസാദീ,
സംഘ് വാദ് സേ ആസാദി,

ആസാദി ആസാദീ; എന്ന പാട്ട് കേട്ടിട്ടില്ലേ. ആ പാട്ട് പാടിയാണ് ടീച്ചര്‍ പുതിയ കുട്ടികള്‍ ഫാസിസത്തോട് മുഖാമുഖം നിന്നത്. കെ.പി.എ.സിയുടെ നാടകങ്ങളും പാട്ടുകളും ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായി രൂപം മാറിയ കഥകള്‍ ടീച്ചര്‍ക്കും അറിവുണ്ടാകില്ലേ ? വിപ്ലവഗാനങ്ങള്‍ മാത്രമല്ല ടീച്ചര്‍, സിനിമാപ്പാട്ടുകളും നാടന്‍പാട്ടുകളും നാടോടി നൃത്തങ്ങളുമൊക്കെ പ്രസക്തമാണ്. മനുഷ്യനും മനുഷ്യനും തമ്മിലെ വിനിമയങ്ങള്‍ ബഹുരൂപിയായതുകൊണ്ടാണ് അതിനിത്ര സൗന്ദര്യം. സഫ്ദര്‍ ഹാശ്മി മുതല്‍ കനയ്യ കുമാര്‍ വരെ നിങ്ങളെ നോക്കിച്ചിരിക്കുന്നുണ്ട്. തീര്‍ച്ചയായും ഭാര്‍ഗവി തങ്കപ്പനല്ല ടീച്ചര്‍, കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക.

LEAVE A REPLY

Please enter your comment!
Please enter your name here