പ്രളയത്തിന്റെ മറവില്‍ പണയസ്വര്‍ണം കവര്‍ന്ന ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

0
32

ചേര്‍പ്പ്: ബാങ്കില്‍ പണയം വെച്ച 180 ഗ്രാം സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ ഞെരുവുശ്ശേരി ഇട്ടിയേടത്ത് ശ്യാം (25) ആണ് അറസ്റ്റിലായത്. പുതുക്കാട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.ആര്‍. സ്മിതയുടെ നേതൃത്വത്തില്‍ പൂച്ചിന്നിപ്പാടത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ കാറിലുണ്ടായിരുന്ന ബാഗില്‍ വിവിധ കവറുകളിലായി പണയസ്വര്‍ണം കണ്ട് സംശയം തോന്നി, ചേര്‍പ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയെക്കുറിച്ചറിഞ്ഞത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. അഞ്ചുവര്‍ഷമായി ചാലക്കുടി യൂണിയന്‍ ബാങ്കിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ശ്യാം. പ്രളയനാളുകളില്‍ ബാങ്കിലെ പണയ ഉരുപ്പടികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ അതിലെ 180 ഗ്രാം ആഭരണങ്ങള്‍ ശ്യാം മറ്റ് ജീവനക്കാര്‍ കാണാതെ ഒളിപ്പിച്ചു കടത്തി.

പിന്നീട് സ്വകാര്യ ബാങ്കില്‍ പണയംവെച്ചു. അവിടെനിന്ന് സ്വര്‍ണം എടുത്ത് കാറില്‍ ഒളിപ്പിച്ചു. താത്കാലിക ജീവനക്കാരനായി ജോലി തുടങ്ങിയ ശ്യാം ആര്‍ഭാടജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here