ഉപഗ്രഹവേധ മിസൈല്‍

0
11

ബഹിരാകാശ ഗവേഷണ രംഗത്തെന്ന പോലെ പ്രതിരോധ രംഗത്തും ഇന്ത്യ മുന്‍നിരയിലെത്തുകയാണ്. ഉപഗ്രഹങ്ങളെ വീഴ്ത്താന്‍ ശേഷിയുള്ള ആന്റി-സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ച് രാജ്യം ലോകശ്രദ്ധ കൈവരിച്ചിരിക്കുന്നു. തന്ത്രപരമായ സൈനിക ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കാന്‍ വേണ്ടിയാണ് അതിപ്രഹര ശേഷിയുള്ള ഈ മിസൈല്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്തത്. ശത്രുരാജ്യങ്ങളുടെ നിരീക്ഷണ ഉപഗ്രഹങ്ങളെ എ-സാറ്റ് കൊണ്ട് വീഴ്ത്താന്‍ സാധിക്കും. എന്നാല്‍ ഇന്ത്യ അത് ആക്രമണത്തിന് ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഉപഗ്രഹവേധ മിസൈലുകള്‍ മൂന്ന് ലോകരാഷ്ട്രങ്ങള്‍ക്കു മാത്രമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ആ രാജ്യങ്ങള്‍. എ-സാറ്റിന്റെ വിജയകരമായ പരീക്ഷണത്തോടെ ഇക്കാര്യത്തില്‍ നാലാമത്തെ ശക്തിയായി മാറിയിരിക്കുന്നു ഇന്ത്യ. ഒരു ആയുധമെന്ന നിലയില്‍ ആന്റി-സാറ്റലൈറ്റ് മിസൈല്‍ ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഏതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയാല്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്നാണ് സാരം. മേല്‍പ്പറഞ്ഞ രാജ്യങ്ങളൊന്നും അത്തരത്തില്‍ ഇതുവരെ പ്രയോഗിച്ച ചരിത്രമില്ല. ഒരിക്കല്‍ പ്രയോഗിച്ചാല്‍ ലോകം ഒരു നൂറ്റാണ്ട് പിന്നിലേക്ക് പോകും എന്ന് ഈ മിസൈലിന് കുപ്രസിദ്ധമായ ഒരു പേരുദോഷം നിലനില്ക്കുന്നു. അതിനാല്‍ ഒരിക്കലും ഉപയോഗിക്കാനിട വരരുത് എന്നാണ് മാനവരാശിയുടെ പ്രാര്‍ത്ഥന. എങ്കിലും, വികസിത രാജ്യങ്ങള്‍ എ-സാറ്റ് പോലെ വളരെ പ്രഹരശേഷിയുള്ള ഉപഗ്രഹവേധ മസൈലുകള്‍ വികസിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്. പ്രതിരോധ ആയുധങ്ങള്‍ സംഭരിക്കുന്നത് പ്രയോഗിക്കാന്‍ മാത്രമല്ല. ജനങ്ങള്‍ക്ക് ഭയരഹിതമായി ജീവിക്കാനും രാജ്യത്തിന്റെ പ്രതിരോധശേഷിയില്‍ അഭിമാനിക്കാനും പരിഷ്‌ക്കരിക്കപ്പെട്ട ആയുധങ്ങള്‍ ആവശ്യമാണ്. ഉപഗ്രഹ വേധ മിസൈല്‍ ഉള്ള രാജ്യം എന്ന അഭിമാനം ജനങ്ങളില്‍ ദേശസ്‌നേഹം വളര്‍ത്തും. ശത്രുരാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ മനഃശാസ്ത്രപരമായ അരക്ഷിത ബോധവും പരാജയ ഭീതിയും വളര്‍ത്താന്‍ ഇത്തരം തന്ത്രപരമായ യുദ്ധോപകരണങ്ങള്‍ പ്രതിരോധവകുപ്പിന് ആവശ്യമാണ്.

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയോട് കിടപിടിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. നയതന്ത്ര രംഗത്ത് നിരവധി വിയോജിപ്പുള്ള അയല്‍രാജ്യം. ഇന്തോ-പാക് ബന്ധത്തില്‍ വ്യക്തമായ പക്ഷപാതം പുലര്‍ത്തി പെരുമാറുന്ന ചൈനയുടെ ആയുധനിരീക്ഷണങ്ങള്‍ ഇന്ത്യക്ക് എപ്പോഴും ഭീഷണിയാണ്. 2007ലും 2013ലും ഉപഗ്രഹവേധ മിസൈലുകള്‍ പരീക്ഷിച്ച് ചൈന പ്രതിരോധരംഗത്ത് ഇന്ത്യയേക്കാള്‍ മുന്നിലെത്തി. ചൈനയുടെ ആ നീക്കങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനത്തെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമാണ് ഇന്നലെ ഒഡീഷയിലെ കലാം ദ്വീപില്‍ നിന്ന് തൊടുത്തുവിട്ട ഉപഗ്രഹവേധ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് കൊണ്ടത്. ഈ മിസൈലിന് ആക്രമിക്കാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് ഡി.ആര്‍.ഡി.ഒ ഒരു പരീക്ഷണ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയച്ചിരുന്നു. എ-സാറ്റ് ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി. അങ്ങനെ ഇന്ത്യന്‍ പ്രതിരോധവകുപ്പ് ചരിത്രപരമായ ഒരു ദൗത്യം കൂടി ഈ തിരഞ്ഞെടുപ്പ് കാലത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നു. രാഷ്ട്രീയ പക്ഷപാതം മറന്ന് രാജ്യത്തിന്റെ ഈ നേട്ടത്തെ ഏവരും പ്രശംസിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here