ജൈവ-വ്യാവസായിക നഗരിയില്‍ പി.രാജീവിന് ഹരിതവരവേല്‍പ്പ്

0
10
എല്‍.ഡി.എഫ് എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പി. രാജീവിനെ കളമശ്ശേരി മണ്ഡല പര്യടനത്തിനിടെ ജൈവപച്ചക്കറികള്‍ നല്‍കി സ്വീകരിക്കുന്നു.

കൊച്ചി: ജില്ലയുടെ വ്യവസായ തലസ്ഥാനവും ജൈവകലവറയുമുള്‍പ്പെടുന്ന കളമശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫ് എറണാകുളം ലോക്സഭാ സ്ഥാനാര്‍ഥി പി.രാജീവിന് ഹരിതവരവേല്‍പ്പ്. പി. രാജീവിന്റെ പൊതു പര്യടനം ഏലൂര്‍ ഐ.എസി കമ്പനി കവലയില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന സൂചനകള്‍ ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നതിനൊപ്പം ഇന്ത്യയുടെ ഈ പോക്ക് എങ്ങോട്ടാണ് എന്ന് ബുദ്ധിജീവികളും സാംസ്‌കാരിക നായകരും ചോദിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും, ഇതിനെല്ലാമെതിരേ ശക്തമായും ക്രിയാത്മകമായും ഇടപെടുമെന്നുറപ്പുള്ള രാജീവിനെ പോലെയുള്ളവരെ പാര്‍ലമെന്റില്‍ എത്തിക്കേണ്ടത് നാടിന്റെ മുഴുവന്‍ ആവശ്യമാണെന്നും ബാബു ജോസഫ് പറഞ്ഞു.
കളമശ്ശേരി ഏരിയകമ്മിറ്റി അംഗം പി.എസ് ഗംഗാധരന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് എറണാകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ് മണി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി നിക്സണ്‍, സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ ഹുസൈന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം ശശി, സി.പി.എം ഏലൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.ബി സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയെ സി.പി.ഐ നേതാവ് ഷക്കീല സലാം സ്വന്തം വീട്ടില്‍ വിളഞ്ഞ ജൈവ പച്ചക്കറികളും എലൂരിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചെന്തെങ്ങിന്റെ കരിക്കുകുലയും നല്‍കിയാണ് സ്വീകരിച്ചത്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ ചിഹ്നമായ ചുറ്റിക ചിഹ്നം നല്‍കി ഐ.എസി തൊഴിലാളികള്‍ രാജീവിനെ വരവേറ്റു. പവര്‍ലൂം, ബോസ്‌കോ കോളനി, പുതിയ റോഡ്, തറമാലി, പാണാടന്‍ കോളനി, പാതാളം, ഇ.എസ്.ഐ ഡിസ്പെന്‍സറി, ഇടവഴി നഗര്‍, എടയാര്‍, മുപ്പത്തടം കവല, പഞ്ചായത്ത് കവല, പടിഞ്ഞാറേ കടുങ്ങല്ലൂര്‍, കിഴക്കേ കടുങ്ങല്ലൂര്‍ വലഞ്ഞമ്പലം, തിരുവാലൂര്‍, കൊടുവഴങ്ങ മാരായി, ചിറയം റേഷന്‍ കട, ഒളനാട് പുഞ്ചക്കുഴി, കരിങ്ങാത്തുരുത്ത്, കോട്ടപ്പുറം എന്നിവിടങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
എലൂരില്‍ ബോസ്‌കോ കോളനിയില്‍ പ്രിയ നേതാവിനെ സ്വീകരിക്കാന്‍ കയ്യില്‍ പനിനീര്‍പ്പൂവുമായി എണ്‍പത്തി രണ്ട് വയസ്സുള്ള ഫിലോമിന താത്തി ഊന്നുവടിയുമേന്തി കാത്തുനിന്നിരുന്നു. പ്രായാവശതകള്‍ മറന്ന് ആവേശത്തോടെ രാജീവിന് അഭിവാദ്യങ്ങള്‍ അറിയിച്ച് താത്തിയും സ്ഥാനാര്‍ത്ഥിയും പരസ്പരം സ്നേഹം പങ്കുവച്ചു. ചെറുപ്പത്തിലെ തന്നെ ഭര്‍ത്താവ് മരിച്ച് പോയതിനെ തുടര്‍ന്ന് ഏലൂര്‍ മേഖലയില്‍ കൂടയില്‍ പച്ചക്കറികള്‍ വിറ്റും ഇഷ്ടികക്കളങ്ങളിലും പറമ്പുകളിലും പണിയെടുത്തുമാണ് വര്‍ഷങ്ങളോളം ഫിലോമിന താത്തി കുടുംബം പോറ്റിയിരുന്നത്. ഇന്ന് ഇളയമകന്‍ വര്‍ഗിസിനോപ്പം മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ കഴിയുന്ന ഫിലോമിന താത്തിക്ക് ഇന്നത്തെ പരിഭവം രാജീവിന് വോട്ട് ചെയ്യാന്‍ ആകില്ലല്ലോ എന്നതാണ്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ കുറച്ച് കാലമായി വോട്ട് ചെയ്യാന്‍ കഴിയാറില്ല. ഏലൂര്‍ പുതിയ റോഡില്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ ആന്‍ മരിയ തോമസ് എന്ന പത്ത് വയസ്സുകാരി താന്‍ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ രാജീവിന്റെ ചിത്രം സ്ഥാനാര്‍ത്ഥിക്ക് സമ്മാനിച്ചു. എം.ഇ.എസ് ഈസ്റ്റേണ്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആന്‍ മരിയ തോമസ്. ചിറയം റേഷന്‍കട കവലയിലെ സ്വീകരണകേന്ദ്രത്തില്‍ ജൈവ പച്ചക്കറി കൊയ്തെടുത്ത് കയറി വന്ന കര്‍ഷകര്‍ തങ്ങള്‍ക്ക് ജൈവകൃഷിയിലേക്ക് വഴിക്കാട്ടിയ നേതാവിന് കര്‍ഷക പോരാട്ടങ്ങളുടെ പ്രതീകമായ അരിവാള്‍ നല്‍കി സ്വീകരിച്ചു.
ചിലയിടങ്ങളില്‍ രാജീവിന്റെ പ്രചരണ വാഹനം നിര്‍ത്തിച്ച് സംഭാരം കൊടുത്തും മാലയും പൊന്നാടകളുമണിയിച്ച് കൊണ്ടുമാണ് ജന്മനാട് രാജീവിനോടുള്ള സ്നേഹമറിയിച്ചത്. കരിക്ക് കുലകളും, പച്ചക്കറി കൂടകളും പയറും തണ്ണിമത്തനും ചുവന്ന ചീരക്കെട്ടുകളും മത്തങ്ങയും കോഴിമുട്ടയും മാങ്ങയും ചക്കയും കോളിഫ്ലവറും ചേനയും ചേനപ്പൂവും കണിവെള്ളരിയും പാവക്കയും പടവലങ്ങകളും കണിക്കൊന്ന പൂക്കളും പഴുത്ത പഴകുലകളുമൊക്കെ സമ്മാനിച്ച്, ചെണ്ടമേളം അകമ്പടി നിരത്തി,പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആവേശോജ്ജ്വലമായ സ്വീകരണങ്ങളാണ് രാജീവിനായി കാത്തിരുന്നിരുന്നത്. കത്തിയാളുന്ന മീനചൂടിനെ വകവെക്കാതെ പ്രായഭേദമന്യേ ജനങ്ങള്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here