ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവം: അമ്മയുടെ കൗണ്‍സിലിംഗ് തുടരുന്നു; വീണ്ടും ചോദ്യം ചെയ്യും

0
7

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയുടെ കൗണ്‍സിലിംഗ് തുടരുന്നു. കൗണ്‍സിലിംഗിന് ശേഷം ഇവരെ രഹസ്യമൊഴിയെടുപ്പിന് വിധേയമാക്കും. കൗണ്‍സിലിംഗ് മൂന്ന് ദിവസം കൂടി തുടരും പിന്നീട് മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തും.

കുട്ടിയുടെ അമ്മയക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നതിനെക്കുറിച്ച്ാണ് ഇനി പൊലീസിന് വ്യക്തതവരുത്തേണ്ടതുള്ളത്. ഇതിനായി അന്വേഷണസംഘം ഈയാഴ്ച ഇവരെ വീണ്ടും ചോദ്യംചെയ്യും. അതിനുശേഷമാകും കേസില്‍ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നു തീരുമാനിക്കുക. ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ ഗുരുതര നിലയില്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവും ചികിത്സവൈകിപ്പിക്കാന്‍ ശ്രമം നടന്നോയെന്നും പോലീസ് അന്വേഷിക്കും.

അതേസമയം നടന്ന സംഭവങ്ങള്‍ വീണ്ടെടുത്ത് പറയനാവാത്ത വിധം നിര്‍വികാരതയിലാണ് യുവതിയെന്നാണ് കൗണ്‍സിലിംഗ് നടത്തിയവര്‍ പറയുന്നത്. വിഷാദത്തിന് അടിമപ്പെട്ട യുവതിയില്‍ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാന്‍ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു. അരുണിനു പരമാവധി ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞതായാണു വിവരം. ആശുപത്രി അധികൃതര്‍ കുടുംബശ്രീ വഴി ഏര്‍പ്പാടാക്കിയ രണ്ടു വനിതാ കൗണ്‍സിലര്‍മാരാണ് അമ്മയുമായി സംസാരിക്കുന്നത്.

അരുണിനെ നേരത്തേ പൂര്‍ണമായി വിശ്വസിച്ചിരുന്നു. പിന്നീട്, അരുണിനോടുള്ള ഭയംകൊണ്ട് എല്ലാം സഹിച്ചു കഴിയുകയായിരുന്നു. ഇനി ഒത്തുപോകാന്‍ കഴിയില്ല. ഇളയ കുഞ്ഞുമൊത്തു ജീവിക്കണമെന്നാണ് ആഗ്രഹം. മരണമടഞ്ഞ ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ അരുണാണു സഹായത്തിന് ഉണ്ടായിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ ആറു ലക്ഷം രൂപ തന്റെ അക്കൗണ്ടിലിട്ടത് അരുണിനോടുള്ള ബാധ്യതയ്ക്കു കാരണമായെന്നും അവര്‍ പറഞ്ഞതായാണു സൂചന.

ഇവര്‍ സാധാരണ നിലയിലെത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് നിഗമനം. കേസിലെ പ്രതി അരുണ്‍ ആനന്ദിനെതിരായ പ്രധാനസാക്ഷി ഈ യുവതിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് കേസിന് നിര്‍ണായകമാണ്.

അമ്മയും മൂന്നു വയസുള്ള ഇളയ കുട്ടിയും മാത്രമാണു സംഭവത്തിന്റെ ദൃക്സാക്ഷികള്‍. കാമുകന്‍ അരുണ്‍ ആനന്ദിനു പരമാവധി ശിക്ഷ ലഭിക്കാന്‍ കുട്ടിയുടെ അമ്മയുടെ മൊഴി ഉപകരിക്കുമെന്നാണു നിയമോപദേശം. ഈ സാഹചര്യത്തിലാണ് അവരെ സാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കു പങ്കുണ്ടെന്നു വ്യക്തമായാല്‍ അവരെയും കേസില്‍ പ്രതിചേര്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here