കാരുണ്യം എന്ന കടങ്കഥ

0
29

കഴിഞ്ഞ 10 ദിവസം കേരളം ഒരു കുട്ടിയുടെ ജീവന്‍ മരണ പോരാട്ടത്തെക്കുറിച്ച് ഉത്കണ്ഠാപൂര്‍വ്വംകാത്തിരുന്നു. തൊടുപുഴയിലെ കുട്ടി എന്നാണ് മാധ്യമങ്ങള്‍ ആ ഏഴ് വയസുകാരനെ വിളിച്ചത്. പേരും മുഖവും വെളിപ്പെടുത്താതെ ഇത്തരത്തില്‍ ഒരു കുട്ടിയെക്കുറിച്ച് സംസ്ഥാനത്തുടനീളം ആകാംഷഭരിതമായ കാത്തിരിപ്പ് നേരിടേണ്ടി വന്ന സന്ദര്‍ഭം കേട്ടിട്ടില്ല. എന്തായിരുന്നു ആ കുട്ടിയുടെ അവസ്ഥ എന്ന് ഏവര്‍ക്കും അറിയാം. കഴിഞ്ഞ ദിവസം ജീവിതത്തിന്റെ എല്ലാത്തരം ക്രൂരമായ അനുഭവങ്ങള്‍ക്കും അന്ത്യവിരാമം നടത്തിക്കൊണ്ട് ലോകത്തോട് വിടപറഞ്ഞു. പൊതു സമൂഹം അശ്രുധാരയോടെ കുട്ടിക്ക് വിടപറഞ്ഞു. ഇപ്പോഴും ആ ഏഴു വയസുകാരന്റെ മുഖം ആര്‍ക്കും അറിയില്ല. പേരും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാല്‍ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവന്‍ അനുഭവിച്ച വേദനയുടെ ആഴം മനുഷ്യ മനസ്സാക്ഷിയില്‍ നിന്ന് പെട്ടെന്ന് വിട്ടുപോകില്ല. തൊടുപുഴയിലെ കുട്ടി ഒറ്റപ്പെട്ട ഒരു അനുഭവമായിരിക്കാം. പീഡാനുഭവങ്ങള്‍ക്ക് വിധേയമാകുന്ന മനുഷ്യാത്മാവിന്റെ യാതനകള്‍ എല്ലാ ചിന്തകരുടെയും വിഷയമാണ്. ആ അര്‍ത്ഥത്തില്‍ തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ അനുഭവത്തിന്റെ പ്രാധാന്യം എന്ത്? മോശമല്ലാത്ത സാ
മ്പത്തിക സ്ഥിതിയും വിദ്യാസമ്പന്നതയും ചേര്‍ന്ന ഒരു അമ്മയുടെ മൂത്തമകനായിരുന്നു ആ കുട്ടി. ഒരു വര്‍ഷം മുമ്പ് അവന്റെ അച്ഛന്‍ മരണമടഞ്ഞു. അതിനുശേഷം അച്ഛന്റെ ബന്ധു എന്നപേരില്‍ കുടുംത്തില്‍ അടുത്തുകൂടിയ ഒരു ചെറുപ്പക്കാരനുമായി അമ്മ സ്ഥാപിച്ച സൗഹൃദത്തിന്റെ അര്‍ത്ഥമെന്തെന്ന് തിരിച്ചറിയാനുള്ള പ്രായം അവനില്ല.

മാധ്യമങ്ങള്‍ പറയുന്നത് അമ്മയുടെ ആണ്‍ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി എന്നാണ്. ഇതെന്തൊരു ബന്ധമാണ് മലയാളികള്‍ക്ക് മനസ്സിലാവാന്‍ പ്രയാസം. പാരമ്പര്യനിഷ്ടമായ നമ്മുടെ വിശ്വാസത്തില്‍ അമ്മയുടെ ആണ്‍ സുഹൃത്ത് എന്ന കഥാപാത്രം അത്ര പരിചിതമല്ല. എന്നാല്‍ ഇന്നത്തെക്കാലത്ത് അങ്ങനെയും ചിലരുണ്ടെന്ന് വ്യക്തം. എന്തെങ്കിലും ആയിക്കോട്ടെ പക്ഷേ അയാള്‍ മനുഷ്യ അധമനെപ്പോലെ ഒരു കുഞ്ഞിനോട് പെരുമാറേണ്ടി വരുന്ന സാഹചര്യം. ഏഴുവയസ്സുകാരനെയും നാലു വയസ്സുകാരനെയും വീട്ടില്‍ രാത്രിയില്‍ പൂട്ടിയിട്ടശേഷം കൂട്ടുകാരനുമൊത്ത് അമ്മ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നു. രാത്രി വളരെ വൈകി അമ്മയെ കാണാതെ കുഞ്ഞുങ്ങള്‍ വിശന്നു കിടന്നുറങ്ങിപ്പോകുന്നു. രണ്ടര മണിക്ക് തിരിച്ചെത്തിയ അമ്മയും ആണ്‍ സുഹൃത്തും ഉറങ്ങിക്കിടന്ന ഏഴു വയസുകാരനെ ഉണര്‍ത്തി മര്‍ദ്ദിക്കുന്നു. ആറടി ഉയരമുള്ള ആള്‍ വയറില്‍ തൊഴിക്കുന്നു. ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഏഴു വയസ്സുകാരന് നല്‍കുന്ന ശിക്ഷ. ഭ്രാന്ത് പിടിച്ചവനെപ്പോലെ അയാള്‍ ആ കുട്ടിയെ തലങ്ങും വിലങ്ങും പ്രഹരിച്ച് തലയോട്ട് പിളര്‍ന്ന് ചോരയൊലിക്കുന്നു. കാലില്‍പ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ഇതൊന്നും സാമാന്യ മനുഷ്യന് ഭാവന ചെയ്യാന്‍ പോലും കഴിയില്ല. ഒരു മനുഷ്യനാണ് ഇങ്ങനെ ഒരു കുഞ്ഞിനോട് ചെയ്യുന്നതെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഇത്തരത്തിലുള്ള ക്രൂരാനുഭവങ്ങള്‍ക്ക് ഇരയായശേഷമാണ് 10-ാം ദിവസം ആ കുട്ടി ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. ഓരോ ശിശു രോദനത്തിലും ഒരുകോടി ഈശ്വര വിലാപം ഉണ്ട് എന്ന് കവിതയാലപിച്ച നാടാണ് കേരളം. തൊടുപുഴയിലെ ഏഴു വയസ്സുകാരനും അവന്റെ അനുജനും അമ്മയുടെയും കൂട്ടുകാരന്റെയും അടുപ്പത്തിനിരകളായി എത്രമാത്രം കരഞ്ഞിട്ടുണ്ടാകും. അതെല്ലാം ഈശ്വരന്റെ വിലാപങ്ങളാണെങ്കില്‍ ആ കണ്ണീര്‍ക്കടലിന്റെ ആഴം എത്രമാത്രം അഗാധമാണ്. എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. കാരുണ്യം പുതിയ തലമുറയില്‍ ഒരു കടങ്കഥയായിരിക്കുന്നു. ആരെയും കുറ്റപ്പെടുത്തുകയല്ല. എന്നാല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരില്‍ മനുഷ്യ ജീവിതത്തിന്റെ ബന്ധങ്ങളെക്കുറിച്ചും സാമൂഹികപാഠങ്ങളെക്കുറിച്ചും ഗ്രഹിക്കാത്ത ഒരു തലമുറ നമ്മുടെ നാട്ടില്‍ വളര്‍ന്നു വന്നിട്ടുണ്ട്. മാനവീയ വിഷയങ്ങള്‍ പഠിച്ചവരെല്ലാം മനുഷ്യ കാരുണ്യമുള്ളവരാണെന്നല്ല വിവക്ഷ. പക്ഷേ ജീവിതത്തിന്റെ അര്‍ത്ഥങ്ങളും മൂല്യങ്ങളും അറിയാതെ പഠിക്കാതെ മനുഷ്യരൂപം പൂണ്ട സാങ്കേതികതൊഴിലാളികള്‍ വിദ്യാഭ്യാസമ്പന്നരെന്ന ഭാവത്തില്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നിട്ടുണ്ട്. അവരുടെ ജീവത സമീപനവും പെരുമാറ്റവും ഒരു പൊതു വിഷയമായി കണ്ട് പഠനവിധേയമാക്കാന്‍ സമയമായിരിക്കുന്നു. തൊടുപുഴയിലെ കുഞ്ഞിനെ നാളെ കേരളം മറന്നേക്കാം. പക്ഷേ അവന്റെ വിയോഗം മൂലം ഉയര്‍ന്നുവന്നിരിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് സമൂഹം ഉത്തരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here