കെ.എം മാണിക്ക് നാടിന്റെ അന്ത്യാഞ്ജലി; വിലാപയാത്രയായി പാലായിലേക്ക്; ഇന്ന് കോട്ടയത്ത് പൊതുദര്‍ശനം; നാളെ സംസ്‌കാരം

0
12

കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേക്ക് കൊണ്ടുവരും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു വരും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും.

വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്‌കാരചടങ്ങുകള്‍ നടക്കുക.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പാര്‍ട്ടിഭേദമെന്യേ അനേകരാണ് ആശുപത്രിയിലേക്കും പാലായിലെ വീട്ടിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്.

രാവിലെ 9 മണിയോടെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി 9.30 യോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി 12.30 യ്ക്ക് കോട്ടയത്ത് എത്തുമെന്നാണ് സൂചന. കേരളാകോണ്‍ഗ്രസ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം തിരുനക്കര മൈതാനത്തേക്ക് കൊണ്ടുപോകും. കേരളാകോണ്‍ഗ്രസിന്റെ തട്ടകമായ പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ക്ക് കാണാന്‍ അവസരം ഒരുക്കും.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ തിരുനക്കരയില്‍ നിന്നും കളക്ട്രേറ്റ്, മണര്‍കാട്, അയര്‍കുന്നം, കിടങ്ങൂര്‍, കടപ്ളാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയില്‍ എത്തിക്കും. തുടര്‍ന്ന് പാല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും പാലായിലെ വീട്ടില്‍ എത്തിക്കും. പാലായിലെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്‌ക്കാര ചടങ്ങുകളും പാലാ കത്ത്ഡ്രലില്‍ മൂന്ന് മണിയോടെ സംസ്‌ക്കാരവും നടക്കും.

ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചേകാലോടെയാണ് മാണിയുടെ മരണവാര്‍ത്ത ലേക്ക് ഷോര്‍ ആശുപത്രി പുറത്തു വിട്ടത്. ഇതിന് ശേഷം അര മണിക്കൂറോളം ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി.സുധാകരന്‍, കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാണിയുടെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാണിയുടെ മരണത്തെ തുടര്‍ന്ന് കോട്ടയത്തേയും എറണാകുളത്തേയും എല്ലാ മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണം അവസാനിപ്പിച്ചു. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം നാളെ മാണിക്ക് യാത്രാമൊഴി ചൊല്ലാന്‍ കോട്ടയത്ത് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here