ഷാജഹാന്‍ കെ ബാവ

ആലപ്പുഴ : അലകളുടെയും പുഴകളുടെയും നാടായ ആലപ്പുഴയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യു ഡി എഫ് കച്ചമുറുക്കുമ്പോള്‍ വിപ്ലവഭൂമി തിരിച്ചു പിടിക്കാന്‍ ഇടതുമുന്നണിയുടെ ജീവന്‍മരണ പോരാട്ടം. ഗോദയില്‍ തീപാറുമ്പോള്‍ തെല്ലും പരിഭ്രമം ഇല്ലാതെയാണ് യു ഡി എഫ് ഇപ്പോള്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും ആലപ്പുഴയിലെ പ്രചരണവും യു ഡി എഫ് അണികളില്‍ വലിയ ആവേശമാണ് വിതച്ചിട്ടുളളത്. എന്നാല്‍ തുടക്കത്തില്‍ വിജയ പ്രതീക്ഷ വനോളം ഉയര്‍ത്തിയ ഇടതുമുന്നണി ഇപ്പോള്‍ തെല്ലു പിറകിലായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രത്താളുകളില്‍ ഇതിഹാസങ്ങള്‍ എഴുതിച്ചേര്‍ത്ത പുന്നപ്ര-വയലാര്‍ രണധീരന്മാരുടെ ചോരവീണ് ചുവന്ന മണ്ണാണ് ആലപ്പുഴയുടേത്.അതു കൊണ്ട് തന്നെ ഇവിടുത്തെ മത്സരം കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്നും അഭിമാന പോരാട്ടമാണ്.അരൂര്‍,ചേര്‍ത്തല,ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്,കായംകുളം എന്നീ ആറു മണ്ഡലങ്ങളും, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലവുമടങ്ങുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. സ്ത്രീ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ ആകെ വോട്ട് 13,14,535 ആണ്. ഇതില്‍ 633371 പുരുഷന്‍മാരും 681164 സ്തീകളുമാണുളളത്. ആകെ ഒന്‍പത് മണ്ഡലങ്ങള്‍ ഉളള ഇവിടെ ഏട്ടിലും ഇടതുമുന്നണി പ്രതിനിധികളാണുളളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിധാനം ചെയ്യുന്ന ഹരിപ്പാട് മാത്രമാണ് യൂഡിഎഫിനു സ്വന്തമായുളളത്. എന്നാല്‍ പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഇടതുമുന്നണി മറ്റൊരു മല്‍സരത്തിന് ആളെ ഇറക്കുമ്പോള്‍ അമിത പ്രതീക്ഷയ്ക്കും വകയില്ല. കാരണം ലോക്സഭയിലേക്ക് കാര്യമായി ആളെ അയക്കാന്‍ ഇടതിന് സാധിച്ചിട്ടില്ല. നാലുതവണ മാത്രമാണ് ഇടതിന് പ്രതിനിധിയുണ്ടായിട്ടുളളത്. ഇക്കുറി മല്‍സരത്തിന്റെ ഗതി തിരിക്കുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നത് സ്ഥാനാര്‍ത്ഥിയുടെ മികവ് കണ്ടിട്ടാണ്. അരൂര്‍ എംഎല്‍ എ അഡ്വ എ എം ആരിഫാണ് ഇടതുമുന്നണി സ്സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി. അരൂരില്‍ ആരിഫ് നടത്തിയ മികച്ച പ്രകടനവും വികസനവും നിയമസഭയിലേക്ക് ലഭിച്ച് വന്‍ഭൂരിപക്ഷവും ഇടതുനേതാക്കള്‍ക്ക് വിജയ പ്രതീക്ഷ നല്‍കുകയാണ്. എന്നാല്‍ കടുത്ത വി എസ് പക്ഷക്കാരനായിരുന്ന ആരിഫ് പാര്‍ട്ടിക്ക് ഒരു പരിധിവരെ അനഭിമതനാണ്. മാത്രമല്ല ആലപ്പുഴയിലെ പാര്‍ട്ടിയുടെ അവസാന വാക്കായ മന്ത്രി ജി സുധാകരനും ആരിഫും തമ്മില്‍ അത്ര രമ്യതയിലുമല്ല. സുധാകരന്‍ ആകട്ടെ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച സി ബി ചന്ദ്രബാബുവിന്റെ തേരാളിയായിട്ടാണ് കളത്തില്‍ നിറഞ്ഞത്. ഇക്കുറി ആരിഫിന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. അതേസമയം സിറ്റിംഗ് എം പി കെ സി വേണുഗോപാലിന്റെ അഭാവത്തില്‍ യു ഡി എഫ് മുന്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ ഷാനിമോള്‍ ഉസ്മാനെയാണ് കളത്തില്‍ ഇറക്കിയിട്ടുളളത്. കഴിഞ്ഞ പത്തു വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ സി പാര്‍ട്ടിയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തതോടെയാണ് മല്‍സര രംഗം വിട്ടത്. കെ സി വേണുഗോപാലിന്റെ വികസ പ്രവര്‍ത്തനങ്ങല്‍ ചൂണ്ടികാട്ടിയാണ് ഷാനിമോളും വോട്ടു ചോദിക്കുന്നത്.മാറിമാറുന്ന വരുന്ന സര്‍വ്വെ ഫലങ്ങള്‍ മണ്ഡലത്തില്‍ യു ഡി എഫിന് വന്‍ കുതിച്ചു കയറ്റമാണ് നല്‍കിയിട്ടുളളത്. മാത്രമല്ല വെളളാപളളിയുടെ ശബരിമല നിലപാട് മിക്ക ഈഴവ വോട്ടെുകളും കളംമാറ്റിയിട്ടുണ്ട്. സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന വെളളാപളളിയുടെ നിലപാട് മഹാഭൂരിപക്ഷം വരുന്ന ഈഴവ സമുദായംഗങ്ങള്‍ക്കിടയില്‍ വന്‍പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുളളത്. അതുക്കൊണ്ടുതന്നെ വെളളാപളളിയുടെ നിലപാട് ഇടതിന് ഗുണം ചെയ്യില്ല. മറിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ നടത്തിയ വിശ്വാസ സംരക്ഷണ റാലി യു ഡി എഫിന് ഗുണം ചെയ്യുമെന്നാണ് സൂചന. സ്വീകരണ സ്ഥലങ്ങളില്‍ ഷാനിമോള്‍ക്ക് തുളസി മാല നല്‍കി സ്ത്രീകള്‍ സ്വീകരിക്കുന്നത് ഇതിന്റെ സുചനയായിട്ടുവേണം കരുതാന്‍. 2014 ല്‍ യു ഡി എഫിലെ കെ സി വേണുഗോപാല്‍ 20000 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍ പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനാണ് മല്‍സരിക്കുന്നത്. മല്‍സ്യതൊഴിലാളി മേഖലയില്‍നിന്നും എത്തുന്ന രാധാകൃഷ്ണന് തീരുമേഖലയില്‍നിന്നുളള വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്. കഴിഞ്ഞ തവണം അരലക്ഷം വോട്ടുകളാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ എം എല്‍ എ എവി താമരകാഷന്‍ നേടിയത്. തിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം വികസനം തന്നെ.റെയില്‍വേ വികസനം,ദേശീയപാത,ബൈപ്പാസ്,കാര്‍ഷിക മേഖല,കയര്‍,വിനോദസഞ്ചാരം തുടങ്ങിയ മുഖ്യ വിഷയങ്ങളില്‍ എംപി എന്ന നിലയില്‍ കെ.സി വേണു ഗോപാല്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫും, സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജില്ലയിലെ മൂന്നു മന്ത്രിമാരായ ഡോ:ടി. എം തോമസ് ഐസക്ക്,ജി.സുധാകരന്‍,പി.തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയ്ക്കുണ്ടായ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി സി.പിഎമ്മും പരസ്പരം കൊമ്പു കോര്‍ക്കുമ്പോള്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളുമായി ബി.ജെ.പിയും രംഗത്തുണ്ട്.

1971 വരെ മണ്ഡലത്തിന്റെ പേര് അമ്പലപ്പുഴ എന്നായിരുന്നു. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി.ടി പുന്നൂസ് 76,380 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ എ.പി ഉദയഭാനുവിനെ തോല്‍പ്പിച്ചു.രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും പി.ടി പുന്നൂസിനു തന്നെ ജയം 1962ല്‍ പി.കെ വാസുദേവന്‍ നായരും,1967ല്‍ സുശീലാ ഗോപാലനും ജയിച്ചു.1977ല്‍ ആണ് ആലപ്പുഴ എന്ന പേരിലേക്ക് മണ്ഡലം മാറുന്നത്.അന്നു നടന്ന തിരഞ്ഞെടുപ്പില്‍ വി.എം സുധീരനും 80ല്‍ സുശീലാ ഗോപാലനും 84ലിലും 89ലിലും വക്കം പുരോഷത്തമനും വിജയിച്ച മണ്ഡലം ടി.ജെ ആഞ്ചലോസിലൂടെ 91ല്‍ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു.96 മുതല്‍ 2004 വരെ വി.എം സുധീരന്‍ വീണ്ടും ആലപ്പുഴയില്‍ വെന്നിക്കൊടി നാട്ടി.എന്നാല്‍ സമര്‍ഥമായ നീക്കത്തിലൂടെ 2004ല്‍ ഡോ:കെ.എസ് മനോജിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു.2009ല്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രിയായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച കെ.സി വേണുഗോപാല്‍ യുഡിഎഫിനു വേണ്ടി 2019 വരെ ആലപ്പുഴയെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1.95 ശതമാനം വ്യത്യസത്തിലാണ് യൂഡിഎഫിലെ കെ.സി വേണുഗോപാല്‍ എല്‍ഡിഎഫിലെ സി.ബി ചന്ദ്രബാബുവിനെ പരാജയപ്പെടു ത്തിയത്.19,407വോട്ടിന്റെ ഭൂരിപക്ഷം 4,62,525 വോട്ട് (46.37 ശതമാനം) കെ.സി.വേണുഗോപാലിന് ലഭിച്ചപ്പോള്‍, ചന്ദ്രബാബുവിന് 4,43,118 (44.42 ശതമാനം) വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.വി താമരാക്ഷനു 43,051 വോട്ടു മാത്രമാണ് നേടാന്‍ കഴിഞ്ഞത്.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സം സ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ആലപ്പുഴയിലും എല്‍ഡിഎഫ് തരംഗം ദൃശ്യമായി.അരൂരില്‍ എ.എം ആരിഫ് 38,519 വോട്ടിനും,ചേര്‍ത്തല യില്‍ പി.തിലോത്തമന്‍7,196 വോട്ടിനും,ആലപ്പുഴയില്‍ ഡോ:ടി.എം തോമസ് ഐസക്ക് 31,032 വോട്ടിനും,അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ 22,621 വോട്ടി നും,കായംകുളത്ത് യു.പ്രതിഭ 11,857 വോട്ടിനും,കരുനാഗപ്പള്ളിയില്‍ആര്‍.രാമചന്ദ്രന്‍ 1759 വോട്ടിനും ജയിച്ചു.രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രം 18,621 വോട്ടിന് യുഡിഎഫ് വിജയിച്ചു.ഏഴു മണ്ഡലങ്ങളില്‍ നിന്ന് എല്‍ഡിഎഫ് 5,12,414 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത്4,18,051 വോട്ട്.2016 ലെ കണക്കുകള്‍ പ്രകാരം 94,363 വോട്ടിന്റെ മേല്‍ക്കൈ എല്‍ഡിഎഫിനുണ്ട്.തുടര്‍ന്ന് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എല്‍ ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തി.2014ല്‍ ആകെയുണ്ടായിരുന്ന 12,61,739 വോട്ടര്‍മാരില്‍ 9,95,009 പേരാണ് സമ്മദിദാന അവകാശം വിനിയോഗിച്ചത്. 78.86 ശതമാനം ആയിരുന്നു പോളിംഗ്.ഇത്തവണ ജനുവരി മുപ്പതിന്റെ കണക്കു പ്രകാരം.6,33,371 പുരുഷന്മാരും,6,81,164 സ്ത്രീകളുമുള്‍പ്പെട്ട 13,14, 535 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്.ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ പട്ടികയിലില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here