എറണാകുളത്ത് കോട്ട കാക്കാന്‍ യു ഡി എഫ് ; തിരുത്തിക്കുറിക്കാന്‍ എല്‍ ഡി എഫ്

0
8

കൊച്ചി: എറണാകുളത്ത് ഇക്കുറി പോരാട്ടം അല്‍പ്പം കടുപ്പമാണ്. യുഡിഎഫ് കോട്ട കാത്തു സൂക്ഷിക്കാന്‍ യുവനിരയില്‍ നിന്ന് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെയാണ് യു ഡി എഫ് കളത്തിലിറക്കിയത്. എം എല്‍ എ എന്ന നിലയിലും മുന്‍ എം.പി ജോര്‍ജ്ജ് ഈഡന്റെ മകന്‍ എന്ന നിലയിലും മണ്ഡലത്തില്‍ സുപരിചിതനും പ്രിയങ്കരനുമായ ഹൈബി ഈഡനാണ് യു ഡി എഫിന്റെ തുറുപ്പുചീട്ട്. യുഡിഎഫിന്റെ വിജയപതാക താഴ്ത്താന്‍ സിപിഎമ്മിന് അവതരിപ്പിക്കാവുന്ന ഏറ്റവും ജനകീയ മുഖമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്. എന്‍ ഡി എ മുന്നണിയുടെ സ്ഥാനാര്‍ഥിയായി സിവില്‍ സര്‍വീസിലും രാഷ്ട്രീയത്തിലും പേരെടുത്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കൂടി എത്തിയതോടെ മത്സരത്തിന് വെറും വാശിയും ഏറി.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ചരിത്രത്തിലും കണക്കുകളിലും എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ അതെല്ലാം എറണാകുളത്തിന്റെ കാര്യത്തില്‍ യുഡിഎഫിന് അനുകൂലമാണ്. എന്നാല്‍ ഇടയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അടിയൊഴുക്കുകള്‍ എല്‍ഡിഎഫിന്റെ പേരിലും വിജയം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഴയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അല്ല നിലവിലുള്ളത് എന്നതിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ.പൊതുരാഷ്ട്രീയത്തിനൊപ്പം സമുദായങ്ങളും ചെറുചെറു ഗ്രൂപ്പുകളുടെ നിലപാടുകളും നിര്‍ണായകമാവുമ്പോള്‍, മല്‍സരം കടുപ്പമുള്ളതാവുന്നു. വികസനത്തിന്റെയും പരാധീനതകളുടെയും രണ്ടറ്റം കൂട്ടിമുട്ടിക്കുകയാണു മണ്ഡലം. മെട്രോയും ഇന്‍ഫോ പാര്‍ക്കും വന്‍ വ്യവസായ സ്ഥാപനങ്ങളും ഒരു വശത്ത്. ഒപ്പം, വികസനം അല്‍പംപോലും എത്തിനോക്കാത്ത തീരപ്രദേശവും. തകര്‍ച്ച നേരിടുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഇതേ മണ്ഡലത്തില്‍തന്നെ. മണ്ഡലത്തിന്റെ വലിയൊരുഭാഗം മഹാപ്രളയത്തിന്റെ ദുരന്തമറിഞ്ഞു. ഓഖി ദുരന്തം ഏറ്റുവാങ്ങിയവരും നിര്‍ണ്ണായകമാകും. ഈ പ്രശ്‌നങ്ങളിലെല്ലാം മുന്നണി സ്ഥാനാര്‍ഥികള്‍ എങ്ങനെ ഇടപെട്ടുവെന്ന് വോട്ടര്‍മാര്‍ ഓര്‍ക്കുമെന്ന് ഉറപ്പ്.

ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ എറണാകുളം മണ്ഡലം 18 തവണ വോട്ടുചെയ്തു. 13 ലും യുഡിഎഫിനു വിജയം. 5 വട്ടം എല്‍ഡിഎഫ് ജയിച്ചു അതില്‍ മൂന്നും ഉപതിരഞ്ഞെടുപ്പ്. സിപിഎം സ്വന്തം ചിഹ്നത്തില്‍ വിജയിച്ചത് ഒരിക്കല്‍ മാത്രം, 1967 ല്‍ വി. വിശ്വനാഥ മേനോനിലൂടെ. അതെ വിശ്വനാഥ മേനോന്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് എന്നതും ചരിത്രം. 2009 ല്‍ സിന്ധു ജോയി സിപിഎം സ്ഥാനാര്‍ത്ഥിയായി കെ.വി. തോമസിനെതിരെ നടത്തിയ പ്രകടനത്തിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി. തോമസിനെ വിറപ്പിക്കാന്‍ സിന്ധുവിനു കഴിഞ്ഞു, 11790 വോട്ടു മാത്രം വ്യത്യാസം. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളുടെ സഹായത്തിലാണ് അന്നു യുഡിഎഫ് ജയിച്ചത്. ഈ കണക്കില്‍ പ്രതീക്ഷ വച്ചാണ് ഇടതുമുന്നണിയുടെ പ്രചാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, കളമശേരി, പറവൂര്‍, തൃക്കാക്കര മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ എന്നിവ ഇടതിനൊപ്പവും നിന്നു.

സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ ആണെന്ന് കേട്ടപ്പോഴേ ആശ്വാസവും പ്രതീക്ഷയും യുഡിഎഫ് ക്യാംപില്‍ നിറഞ്ഞു. പ്രവര്‍ത്തകര്‍ ഉഷാറായി. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ രണ്ടുവട്ടം തുടര്‍ച്ചയായി തിളക്കമാര്‍ന്ന വിജയം. എറണാകുളത്തിന്റെ മുന്‍ എംപിയും എംഎല്‍എയുമായ ജോര്‍ജ് ഈഡന്റെ മകന്‍. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ വാല്‍സല്യം തോന്നുന്ന പ്രകൃതം. വിശ്രമമില്ലാത്ത പ്രവര്‍ത്തനം. പ്രളയത്തിനു ശേഷം വീടു നഷ്ടപ്പെട്ടവര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കാനുള്ള ബൃഹദ് പദ്ധതിയിലാണ് അദ്ദേഹം. ‘പ്രളയ കാലത്തു മണ്ഡലത്തിലാകെ നിറഞ്ഞുനിന്നുള്ള പ്രവര്‍ത്തനമായിരുന്നു. തണല്‍ ഭവനപദ്ധതി. കൂടാതെ റീച്ച് ഔട്ട് പദ്ധതി പ്രകാരം വിദ്യാഭ്യാസ അവാര്‍ഡുകള്‍, ഹൈടെക് മെഡിക്കല്‍ ക്യാമ്പ്, ചികിത്സ സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വേറെയും. കെഎസ്യുവില്‍ തുടങ്ങി സംഘടനാ രംഗത്തു പടിപടിയായി വളര്‍ന്നുവന്ന ഹൈബിക്കു രാഷ്ട്രീയത്തില്‍ ധാരാളം അനുഭവസമ്പത്തു ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടാനായി. ചെറുപ്പക്കാരുമായി ഏറെ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നു. ഇതിനൊപ്പം പ്രായമായവരുടെ വാല്‍സല്യവും ഹൈബിക്കു ലഭിക്കുന്നുവെന്നതാണ് വലിയ പ്രത്യേകത.

കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ മല്‍സരിപ്പിച്ച് 87,047 വോട്ടിന്റെ പരാജയവും അതിലേറെ പഴിയും ഏറ്റുവാങ്ങിയ ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെയും മുന്നണിയുടെയും എല്ലാ ഘടകങ്ങളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട പേരാണ് രാജീവിന്റേത്.പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍, ജൈവ പച്ചക്കറി കൃഷിപോലെ വേറിട്ട പരിപാടികള്‍ നടപ്പാക്കിയതും പക്വതയുള്ള പെരുമാറ്റവും രാഷ്ട്രീയത്തിനപ്പുറത്തും രാജീവിനു സ്വീകാര്യത വര്‍ധിപ്പിക്കുന്നു. രാജ്യസഭാ എംപി എന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തില്‍ മുന്നണിയുടെ തുറുപ്പുചീട്ടാണ്. മണ്ഡലത്തില്‍ രാജീവിനുള്ള വ്യക്തിബന്ധങ്ങളും ഇടത് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നു.

ബിഡിജെഎസിനു നീക്കിവച്ച സീറ്റില്‍ അവസാന നിമിഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി അല്‍ഫോന്‍സിന്റെ രംഗപ്രവേശം. ഡല്‍ഹിത്തിരക്കില്‍ നിന്ന് അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയത് മുതല്‍ ട്രോളര്‍മാരും അദ്ദേഹത്തെ വിടാതെ പിടികൂടിയിട്ടുണ്ട്. ആരെയും കൂസാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്നു പേരുകേട്ട കണ്ണന്താനം രാഷ്ട്രീയത്തിലേക്കു വൈകിയെത്തിയ ആളാണ്. എന്നിട്ടും ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി കാഞ്ഞിരപ്പള്ളിയില്‍ ജയം. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും ചില കണക്കുകൂട്ടലോടെയാണ്. എറണാകുളത്തെ സ്ഥാനാര്‍ഥിത്വവും അതിന്റെ ഭാഗം. യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ ചിന്തിക്കുന്ന എറണാകുളത്തെ വോട്ടര്‍മാര്‍ക്കു കൂടെക്കൂട്ടാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി. ”ഏതു കാര്യം ചെയ്യാന്‍ തീരുമാനിച്ചാലും അതു പൂര്‍ത്തിയാക്കാന്‍ ഏതറ്റം വരെ പോകാനും തയാറുള്ള നേതാവ്”, ഇതാണ് ഒറ്റ വാചകത്തില്‍ കണ്ണന്താനം.

വിജയി ആരെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നഗരകേന്ദ്രവും കടല്‍ത്തീരവും ഉള്‍പ്രദേശങ്ങളും ഒരുപോലെ സ്ഥാനാര്‍ഥികളെ ആശങ്കയിലാക്കുന്നു. സര്‍വസ്വീകാര്യരെന്ന ലേബല്‍ 3 പേര്‍ക്കുമുണ്ട്. വോട്ടര്‍മാര്‍ക്കിടയിലെ വാത്സല്യഭാജനം എന്നതും ചെറുപ്പവും ഊര്‍ജ്ജസ്വലതയും ആണ് ഹൈബിയുടെ മുതല്‍ക്കൂട്ട്. മികച്ച പാര്‍ലമെന്റേറിയന്‍ ഇമേജ് രാജീവിന്. രാഷ്ട്രീയപ്രവര്‍ത്തനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നയാള്‍ അല്‍ഫോന്‍സ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ 10% വോട്ട് വ്യത്യാസമുണ്ട്. എന്നാല്‍ 2009 ല്‍ ഇതു വെറും 2 % മാത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടു വിഹിതത്തില്‍ ഉണ്ടാവുന്ന ക്രമാനുഗത വര്‍ധനയിലാണു ബിജെപിയുടെ പ്രതീക്ഷ.

മെട്രോ ഇന്‍ഫോ പാര്‍ക്കിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ദീര്‍ഘിപ്പിക്കണം. ചെല്ലാനം മുതല്‍ മുനമ്പം വരെയുള്ള തീരമേഖലയ്ക്കു തീര പരിപാലന നിയമം, കടല്‍ഭിത്തി നിര്‍മാണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. തീര മേഖലയ്ക്കു പാക്കേജ് നടപ്പാക്കണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം , ഇതൊക്കെയാണ് ഹൈബിയുടെ സ്വപ്നങ്ങള്‍.

വോട്ടര്‍മാരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ചേര്‍ത്ത് വികസന കാഴ്ചപ്പാടു തയാറാക്കും. മെട്രോ കാക്കനാടിനും മറ്റു പ്രദേശങ്ങളിലേക്കും ദീര്‍ഘിപ്പിക്കണം. ചരക്കു ഗതാഗത ഹബ് ആയി കളമശേരിയെ മാറ്റണം. തീരദേശം, പരമ്പരാഗത വ്യവസായ മേഖല എന്നിവയുടെ സംരക്ഷണത്തിനു നൂതന പദ്ധതികള്‍ വേണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ വേണം.ഇത് രാജീവിന്റെ വാഗ്ദാനം.

ടൂറിസം ഭൂപടത്തില്‍ എറണാകുളത്തെ ലോകത്തെ പ്രധാന ലക്ഷ്യം ആക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ലോകത്തെ ഏറ്റവും മികച്ച സോഫ്റ്റ്വെയര്‍ കമ്പനികളെ കൊച്ചിയില്‍ കൊണ്ടുവരണം. തീരമേഖലയില്‍ താമസിക്കുന്നവര്‍ക്കു സ്ഥിര വരുമാനം ഉറപ്പാക്കണം. പുതിയ രാഷ്ട്രീയശൈലി രൂപപ്പെടുത്തണം, അല്‍ഫോന്‍സ് കണ്ണന്താനം വോട്ടു ചോദിക്കുന്നത് ഇതിനു വേണ്ടിയാണ്.

സമുദായ സമവാക്യങ്ങളും മണ്ഡലത്തിന്റെ പൊതുചരിത്രവും രാഷ്ട്രീയ മനസും യു ഡി എഫിന് അനുകൂലമാണ്. എന്നാല്‍ ഇത്തവണ എറണാകുളം മാറിചിന്തിക്കും എന്നാണ് ഇടതു ക്യാമ്പിന്റെ പ്രതീക്ഷ. രാജീവാകട്ടെ നല്ല ആത്മവിശ്വാസത്തിലുമാണ്. ഒരു കേന്ദ്രമന്ത്രിയെ തന്നെ കളത്തിലിറക്കി രംഗം കൊഴുപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബി ജെ പി.

LEAVE A REPLY

Please enter your comment!
Please enter your name here