പോളിംഗ് ബൂത്തുകളിലേക്ക് ജനം ഒഴുകിയെത്തി; കനത്തപോളിംഗ്; കൂടുതല്‍ കണ്ണൂരില്‍, കുറവ് തിരുവനന്തപുരത്ത്

0
7

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും മികച്ച പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. രാത്രി വൈകി വോട്ടിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകള്‍ കൂടിയെത്തിയാല്‍ മാത്രമേ അവസാന ശതമാനം പുറത്തു വരികയുള്ളൂ. ഇതുകൂടി ചേര്‍ക്കുമ്പോള്‍ ശതമാനം ഇനിയും ഉയരും. ഏറ്റവും കൂടുതല്‍ പോളിങ് കണ്ണൂര്‍ മണ്ഡലത്തിലാണ് (82.26 ശതമാനം). കുറവ് തിരുവനന്തപുരത്ത് (73.37).

അതേസമയം, ശക്തമായ ത്രികോണപ്പോരാട്ടം കണ്ട മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍ നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍ നിന്ന് 77.49 ആയും ഉയര്‍ന്നു.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്.

ഉച്ചയ്ക്ക് ഒന്നിന് 36 ശതമാനത്തിലെത്തിയ പോളിങ് മൂന്നു മണിയോടെ 50 ശതമാനം കവിഞ്ഞു. പോളിങ് സമയം തീര്‍ന്ന വൈകിട്ട് ആറിനു വരിയിലുണ്ടായിരുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. ചിലയിടത്തു പോളിങ് രാത്രി പത്തരയോളം നീണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ 2014 ല്‍ 73.29 ശതമാനമായിരുന്നത് ഇക്കുറി 80 ശതമാനം പിന്നിട്ടു. കൊല്ലത്തും മലപ്പുറത്തും കള്ളവോട്ടു നടന്നതായി ആരോപണമുയര്‍ന്നു. അമ്പൂരി, എറണാകുളം, ആലപ്പുഴ, അരൂര്‍, എരമല്ലുര്‍, പള്ളിത്തോട്, കണിമംഗലം തുടങ്ങി പലയിടത്തും വോട്ടിങ് യന്ത്രം മാറ്റേണ്ടിവന്നു. മഴ പെയ്ത് ഈര്‍പ്പം തട്ടിയതുമൂലമാണു സാങ്കേതിക തകരാറെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനവും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് 1989 ലായിരുന്നു (79.30 ശതമാനം).

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരേ വ്യാപകമായി പരാതിയുയര്‍ന്നു. തിരുവനന്തപുരത്തെ ചൊവ്വരയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും കൈപ്പത്തിയില്‍ അമര്‍ത്തുമ്പോള്‍ വോട്ട് താമരയ്ക്കു പോയെന്ന് ആക്ഷേപമുയര്‍ന്നു. മോക്ക് പോളിങ്ങിലാണു പ്രശ്നമുണ്ടായതെന്നും പകരം യന്ത്രമെത്തിച്ചു പരിഹരിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാ റാം മീണ അറിയിച്ചു.

പത്തനംതിട്ട അടൂര്‍ പഴകുളം ആലുംമൂട് യു.പി.എസില്‍ 843 പേര്‍ വോട്ട് ചെയ്തെങ്കിലും യന്ത്രത്തില്‍ 820 വോട്ടേയുള്ളൂ എന്നു പരാതിയുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പരാതിപ്പെടുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here