കല്ലട ബസിലെ ക്രൂരമര്‍ദനം: അറസ്റ്റിലായത് ഏഴുപേര്‍; ഉടമ ഹാജരായില്ലെങ്കില്‍ നടപടിയെന്ന് പൊലീസ്

0
15

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഇതു വരെ അറസ്റ്റിലായത് 7 പേര്‍. ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലടയുടെ ജീവനക്കാരായ കൊല്ലം സ്വദേശികളായ ഗിരിലാല്‍ വിഷ്ണു എന്നിവരാണ് ഇന്നലെ പിടിയിലായത്. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലട ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അതുണ്ടായില്ല.

അതേസമയം അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഈ സ്‌ക്വാഡിനെ അതത് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ നയിക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസന്‍സ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അതും പരിശോധിക്കും. പൊലീസിന്റെ സഹായം പരിശോധനാ സമയത്ത് തേടാമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here