ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍: കൂടുതല്‍ വൈദികരെ ചോദ്യം ചെയ്‌തേക്കും

0
5

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ അന്വേഷണ സംഘം കൂടുതല്‍ വൈദികരെ ചോദ്യം ചെയ്‌തേക്കും. ഒരു വിഭാഗം വൈദികര്‍ സിനഡില്‍ അവതരിപ്പിച്ച രേഖകളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രഹസ്യ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ ഇടപാട് നടത്തിയതായി ആരോപിക്കുന്ന രേഖകള്‍ വ്യാജമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഈ രേഖകള്‍ ആദ്യം അപോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാടിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. രേഖകള്‍ എവിടെ നിന്നാണ് ഫാദര്‍ പോള്‍ തേലക്കാട്ടിന് ലഭിച്ചതെന്നാണ് അറിയേണ്ടത്. ഇദ്ദേഹത്തിന്റെ അറിവോടെയാണോ രേഖകള്‍ ഉണ്ടാക്കിയതെന്നും അന്വേഷിക്കും.

തേലക്കാട് നല്‍കിയ രേഖകള്‍ സിനഡിന് മുന്‍പാകെ ഹാജരാക്കിയ അഡ്മിനിസ്‌ട്രേറ്ററര്‍ ജേക്കബ് മാനന്തോടത്തിന്റെയും മൊഴി എടുക്കും. ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലബ്ബ് മെബര്‍ഷിപ്പിനായി കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള ചില ബിഷപ്പുമാര്‍ പണം കൈമാറിയെന്ന ആരോപണം സിനഡിന് മുന്‍പെ തന്നെ പല യോഗങ്ങളിലും ചില വൈദികര്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയുന്നതിന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വൈദികരെയും ചോദ്യം ചെയ്യും.

സഭാ നേതൃത്വത്തിനെതിരായ വ്യാജ രേഖ ആരോപണത്തില്‍ കര്‍ദ്ദിനാള്‍ വിരുദ്ധ പക്ഷത്തിന്‍ പങ്കുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. കര്‍ദ്ദിനാളിന് വേണ്ടി സഭാ വൈദിനായ ജോബി മാപ്രക്കാവിലാണ് പരാതി നല്‍കിയത്. ഇരുവരെയും പ്രതിയാക്കിയതിനെതിരെ ഫാദര്‍ പോള്‍ തേലക്കാടും,ബിഷപ്പ് ജേക്കബ് മാനന്തോടത്തും ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇരുവരെയും അനാവശ്യമായ ബുദ്ധിമുട്ടിക്കരുതെന്ന് പരാമര്‍ശിച്ച കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here