എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ്  പുറത്തിറക്കി. എൻജിനീയറിങ് വിദ്യാഭ്യാസമേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും വിദ്യാർഥികളുടേയും അധ്യാപകരുടേയും അറിവുകളും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനും അവസരം നൽകുന്നതാണ് മാർഗ്ഗനിർദ്ദേശങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതികളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഇത് സഹായിക്കും. തദ്ദേശ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും എൻജിനീയറിങ് മേഖലയുമായുളള സഹകരണം സഹായകമാകും. കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിൽ ഉളള കോളേജുകളിൽ എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കിവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കില, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കെ.എസ്.ആർ.ആർ.ഡി.എ, ഇൻഫർമേഷൻ കേരള മിഷൻ, ലൈഫ് മിഷൻ, ഹരിത കേരളം, ഇംപാക്ട് കേരള ലിമിറ്റഡ്, അമൃത് മിഷൻ മാനേജ്‌മെന്റ് യൂണിറ്റ് തുടങ്ങിയവയിൽ ഒരു വർഷം ഇന്റേൺഷിപ്പ് ലഭിക്കും. താത്പര്യമുളളവർ അസാപ്പ് (ASAP) വഴി രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന ബിരുദധാരികൾക്ക് പ്രതിമാസം  10,000 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക് 15,000 രൂപയും സ്റ്റൈപന്റ് ലഭിക്കും. ബിരുദ/ബിരുദാനന്തര ബിരുദ എൻജിനീയറിങ് വിദ്യാർഥികളുടെ പഠനത്തിന്റെ ഭാഗമായുളള പ്രോജക്ട് വർക്കുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചെയ്യുന്നതിനും അവസരം ലഭിക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും സേവനം സംബന്ധിച്ച് തുടർ നടപടികൾക്ക് ഗ്രാമപഞ്ചായത്തുകളിൽ ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക് നെയും ജില്ലാതലത്തിൽ ഏകോപനത്തിന് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടമാരേയും നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തി. ഇന്റേൺഷിപ്പിനായി എത്തുന്നവരുടെ സേവനം എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച ആക്ഷൻ പ്‌ളാൻ ഗ്രാമപഞ്ചായത്തുകൾ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയറുമാരുടെ സഹായത്തോടെ തയ്യാറാക്കണം. ഇന്റേൺഷിപ്പ് അവസരം ലഭ്യമാക്കാൻ കഴിയുന്ന ഗ്രാമപഞ്ചായത്തുകൾ http://interships.asapkerala.gov.in ൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഗ്രാമപഞ്ചായത്തുകളുടെ സംശയങ്ങൾക്ക് നോഡൽ ഓഫീസറേ  systemmanager.dp@gmail.com  ൽ ബന്ധപ്പെടാം. ഫോൺ: 9947971555

LEAVE A REPLY

Please enter your comment!
Please enter your name here