ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയെ സി പി എം കാർ ക്രൂരമായി മർദ്ദിച്ചു; പെൺ ഗുണ്ടയെന്ന് സി പി എം

0
89
ചൂർണിക്കര ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി സന്തോഷ് ആശുപത്രിയിൽ

ആലുവ:  പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണെ സി പി എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി.  നേതാക്കൻമാരെ ചെയർപേഴ്സൺ മർദ്ദിക്കുകയായിരുന്നെന്ന് സി പി എം .

ചൂർണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
രാജി സന്തോഷാണ് മർദ്ദനത്തിനിരയായത്. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഴാം വാർഡിൽ  കടങ്ങോട് തോടിനോട് ചേർന്ന് നടപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വാർഡിൽ വന്ന പഞ്ചായത്ത് എ.ഇ യുമായി സംസാരിച്ചു നിൽക്കുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ  രണ്ട് പേർ വന്ന് മർദ്ദനം അഴിച്ച് വിടുകയായിരുന്നു. മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ ആലുവ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തോടിൻെറ വികസന പദ്ധതിയുടെ എസ്റ്റിമേറ്റ് എടുക്കാൻ വന്ന
 എ.ഇ  യോട് ആദ്യം തട്ടിക്കയറുകയും രാജി സന്തോഷിനെ മുഖത്ത് അടിക്കുകയും ചെയ്തു. വീണുപോയ രാജിയെ ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും എണീറ്റു വന്ന രാജിയുടെ വയറിനു വീണ്ടും ചവിട്ടുകയും ചെയ്തു.
എ.ഇ യും പഞ്ചായത്ത് ജീവനക്കാരും മെമ്പറെ തല്ലരുത് എന്ന് കരഞ്ഞു പറഞ്ഞെങ്കിലും സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ രാജി സന്തോഷിനെ അതിക്രൂരമായി സിപിഎമ്മുകാർ മർദിക്കുകയായിരുന്നു.
രാജിയുടെയും  ജീവനക്കാരുടെയും കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ആണ്  മർദ്ദനം നിർത്തിയത്. നാട്ടുകാരും സംഭവമറിഞ്ഞെത്തിയ രാജിയുടെ ഭർത്താവ് സന്തോഷും ചേർന്നാണ് വളരെ അവശനിലയിലായ രാജിയെ ആശുപത്രിയിൽ എത്തിച്ചത്.  2 വിരലുകൾ ഒടിഞ്ഞിട്ടുണ്ട്.
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി സന്തോഷിനെതിരെ നടന്ന സിപിഎ മ്മിൻറെ  ക്രൂരമായ ആക്രമണത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ ജമാൽ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മുഹമ്മദ് ഷെഫീക്ക് കെ.എസ്, സി.പി നൗഷാദ് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പറെ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
വൈകിട്ട് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഇതിനിടയിൽ അഞ്ചു മിനിറ്റ് നേരം നീണ്ടു നിന്ന അക്രമത്തിനിടെ രാജി തിരിച്ചടിക്കുന്ന സെക്കൻ്റുകൾ നീണ്ട വീഡിയോ സി പി എം പ്രചരിപ്പിക്കുന്നുണ്ട്.
സി പി എം പ്രസ്താവന:
ചൂർണിക്കര മനക്കപ്പടിയിൽ കോൺഗ്രസ്സ് (ഐ) വാർഡ് മെമ്പർ രാജി സന്തോഷിന്റെ നേതൃത്വത്തിൽ സി.പി.ഐ (എം) പ്രവർത്തകരെ മർദ്ദിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.മാധവൻ കുട്ടി നായർക്കും രജീഷ് കുമാറിനുമാണ് മർദ്ദനമേറ്റത്.
പഞ്ചായത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന കൊടുങ്ങോട് തോട് ഫുഡ് പാത്ത് വർക്ക് തർക്കങ്ങൾ മൂലം മുടങ്ങിക്കിടക്കുകയാണ്. ഇതു സംബ്ബന്ധിച്ച് അവിടെ താമസക്കാരുമായി സംസാരിച്ച് തിരിച്ചു പോകുന്ന മാധവൻ കുട്ടി നായരെ കുറച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് റ്റൂവീലറിൽ കയറാനനുവദിയ്കാതെ രാജി സന്തോഷ് മുഖത്തിനു പൊതി രെ മർദ്ദിക്കുകയാണുണ്ടായത്. കൂടെയുണ്ടായിരുന്ന രജീഷ് രാജിയെ തടഞ്ഞതോടെ മാറി നിന്നിരുന്ന ഭർത്താവ് സന്തോഷും ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദും മുൻകൂട്ടി തയ്യാറെടുത്തു വന്നിരുന്ന പത്തിലേറെ പേരും ചേർന്ന് ഇരുവരേയും ക്രൂരമായാണ് തല്ലി ചതച്ചിട്ടുള്ളത്. മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ അസഹിഷ്ണുതയോടെ കയർക്കുന്നതും രാജി സന്തോഷിനു പതിവുള്ളതാണ്. പലപ്പോഴും പെൺ ഗുണ്ടയെപ്പോലെ പുരുഷന്മാരെ മർദ്ദിക്കുന്ന സംഭവവും ഉണ്ടായിട്ടുള്ളതാണ്
സമാധാനപരമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കെതിരെ അതിക്രമം നടത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു. നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
കെ.എ. അലിയാർ
സെക്രട്ടറി
സി.പി.ഐ (എം) ചൂർണിക്കര ലോക്കൽ കമ്മറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here