ചൈനക്കെതിരെ ഇനി അത്യുഗ്രന്‍ പ്രതിരോധവുമായി റഫേല്‍.  ഈ മാസം അവസാനം ഇന്ത്യയിലേയ്ക്ക് എത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കാണ് എത്തിക്കുക. നിലവില്‍ മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചുകഴിഞ്ഞു. റഫേല്‍ എത്തിക്കുന്നതു വഴി സേനയ്ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഒരു പൈലറ്റിനെ വഹിക്കാവുന്ന വിഭാഗത്തില്‍പെട്ട രണ്ടും രണ്ടുപേര്‍ക്കിരിക്കാവുന്ന മൂന്നും  വിമാനങ്ങളാണ് ആദ്യഘട്ടത്തിലെത്തുന്നത്. 300 കിലോമീറ്റര്‍ ചൂറ്റളവില്‍ പറന്ന് ആക്രമിക്കാനും മിസൈലുകള്‍ വിക്ഷേപിക്കാനും സാധിക്കുന്നവയാണ് റഫേല്‍. 120-150 കിലോമീറ്റര്‍ ദൂരത്തുനിന്നും വായുവില്‍തന്നെ ആക്രമിക്കാവുന്നവ ശേഷിയുള്ളതാണ് റഫേല്‍. ഇതിനുള്ള മിസൈലുകള്‍ ഘടിപ്പിക്കാവുന്ന സംവിധാനം അടുത്തഘട്ടത്തില്‍ പൂര്‍ത്തിയാക്കും.

ലഡാക്കിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയിലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേനാ മേധാവികള്‍ അറിയിച്ചു. അംബാല വ്യോമസേന കേന്ദ്രത്തിലേയ്ക്കാണ് റഫേല്‍ വിമാനങ്ങള്‍ ആദ്യം എത്തിക്കുന്നത്. ഈ മാസം 22നും 23നും അംബാലയിലെ വ്യോമസേനാ കമാന്റര്‍മാരുടെ യോഗത്തില്‍ സന്നാഹങ്ങളുടെ തീരുമാനം എടുക്കും. റഫേലിന്റെ എല്ലാ മുന്നൊരുക്കവും അതിര്‍ത്തിയിലെ ദൗത്യത്തിനും അവസാന രൂപം നല്‍കിയതായി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ അറിയിച്ചു. 2016ല്‍ ഒപ്പുവെച്ച 59000 കോടിയുടെ കരാര്‍ പ്രകാരം 36 റഫേല്‍ വിമാനങ്ങള്‍ ഉടന്‍ കൈമാറാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനയോടുള്ള വിശ്വാസ്യതയില്‍ വലിയ കോട്ടം സംഭവിച്ചിരിക്കുന്നു. സൈന്യത്തിന്റെ എല്ലാ നടപടിയും അതിനനുസരിച്ചാണ് ഇനി തീരുമാനിക്കുകയെന്നും വ്യോമസേനാ മേധാവി പറഞ്ഞു. കരസേന ആവശ്യപ്പെടുന്ന നിമിഷം സഹായം നല്‍കാനാകും വിധം വ്യോമസേന സജ്ജമാണ്. എല്ലാ നീക്കങ്ങളും അതിനാല്‍തന്നെ കര്‍ശനവും അതിവേഗവുമാക്കാനാണ് വ്യോമസേനയുടെ തീരുമാനമെന്നും ബദൗരിയ പറഞ്ഞു.

ഹെലികോപ്റ്ററുകള്‍ ദിവസം മുഴുവന്‍ നിരീക്ഷണം നടത്തുകയാണ്. അപ്പാഷെയും ചിനൂക്കുമാണ് നിരീക്ഷണത്തിനായി രംഗത്തുള്ളത്. എത്ര ഭാരമേറിയ ആയുധങ്ങളും അതിര്‍ത്തിയിലേയ്ക്ക് എത്തിക്കാനാണ് ചീനൂക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവയ്‌ക്കൊപ്പം സുഖോയ് 30, മിറാഷ്-2000, മിഗ്-29 വിമാനങ്ങളും ജാഗ്വാര്‍ ഫൈറ്റര്‍ ജെറ്റുകളും രംഗത്തുണ്ട്. 30 വൈമാനിക സ്‌ക്വാഡ്രനുകളാണ് അതിര്‍ത്തിയിലേയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും 16 മുതല്‍ 18 ജെറ്റുകള്‍ വീതമാണുള്ളത്. സാധാരണഗതിയില്‍ വിന്യാസിക്കാറുള്ള 42 എണ്ണം എന്ന കണക്കിലേയ്ക്ക് എത്തിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ബദൗരിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here