ആലുവ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് റിസർവ് ഡ്യൂട്ടി 50 ശതമാനമാക്കിയെങ്കിലും എറണാകുളം റൂറൽ ജില്ലയിൽ 20 ശതമാനമാക്കി ചുരുക്കിയതിനെതിരെ പൊലീസ് സേനയിൽ അമർഷം. ഇതിന്റെ തുടർച്ചയായി കേരള പൊലീസ് ഇന്റേണൽ ട്രോൾ പരിഹാസ ട്രോൾ പുറത്തിറക്കി.

മജിസ്ട്രേറ്റിന്റെ കുഞ്ഞമ്മേടെ മോന് കൊറോണയാണെന്ന് പറഞ്ഞപ്പോൾ കോടതി അടക്കാനും വില്ലേജ് ഓഫീസറുടെ അളിയന്റെ അമ്മായിയമ്മക്ക് കൊറോണയാണെന്ന് പറഞ്ഞപ്പോൾ വില്ലേജ് ഓഫീസ് അടക്കാനും നിർദ്ദേശമുണ്ടായപ്പോൾ, ഒരു പൊലീസുകാരന് കൊറോണയെന്നറിഞ്ഞപ്പോൾ അയ്യാളെ ക്വാറന്റൈനിൽ വിട്ടിട്ട് ബാക്കിയുള്ളവരോട് ജോലിക്ക് ഹാജരാകാൻ നിർദ്ദേശിക്കുന്ന ട്രോളാണ് പുറത്തിറക്കിയത്. കൊവിഡ് വ്യാപകമായതോടെയാണ് പൊലീസുകാർക്ക് 50 ശതമാനം റിസർവ് ഡ്യൂട്ടി നിശ്ചയിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. ആദ്യ ആഴ്ച്ചയിൽ നടപ്പിലാക്കിയ ഈഉത്തരവ് റൂറൽ ജില്ലയിൽ ഇപ്പോൾ 20 ശതമാനമാക്കി വെട്ടിച്ചുരുക്കിയെന്നാണ് ആക്ഷേപം.

ഇതോടെ ഡ്യൂട്ടിയിലുള്ള ഏതെങ്കിലും പൊലീസുകാരൻ കൊവിഡ് ബാധിതനായാൽ പൊലീസ് സ്റ്റേഷൻ അടച്ചിടേണ്ട സ്ഥിതിയാകുമെന്നാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടികാട്ടുന്നത്.

ആലുവ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പേരുടെ സേവനം ആവശ്യമായതിനാലാണ് റിസർവ് ഡ്യൂട്ടി 20 ശതമാനമാക്കി വെട്ടി കുറച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here