തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടയ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്.

ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും.

റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗസ്ത് 13-ാം തീയതി മുതല്‍ ആരംഭിക്കും.

പിണറായി വിജയൻ
മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here