തിരുവനന്തപുരം: മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ബി.ജെ.പി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കുടുംബത്തിനെതിരായ ആരോപണത്തിലാണ് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം മുഖ്യമന്ത്രി നടത്തിയത്.

സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ചോദ്യത്തിന് ആദ്യം മറുപടി പറയാതിരുന്ന മുഖ്യമന്ത്രി മറുപടി പറയാത്തതും ഒരു വാര്‍ത്തയാണല്ലോ എന്നായിരുന്നു ആദ്യം പ്രതികരിച്ചത്.

തുടര്‍ന്ന് ചോദ്യം ആവര്‍ത്തിച്ചതോടെ അയാള്‍ക്ക് ഒരു ദിവസം രാത്രി എന്തല്ലോ തോന്നുന്നു, അത് പിറ്റേന്ന് വിളിച്ചുപറയുക എന്നതിന് ഞാനല്ല മറുപടി പറയേണ്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, സുരേന്ദ്രനല്ല പിണറായി വിജയന്‍. സുരേന്ദ്രനോട് പറയാനുള്ളത് ഞാന്‍ പറഞ്ഞോളാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാത്ത കാര്യം വിളിച്ചുപറയുന്നു. നിങ്ങളതിന്റെ മെഗാഫോണായി മാത്രം നിന്നാല്‍ പോര. പ്രത്യേക മാനസികാവസ്ഥയുടെ ഉടമയായത് കൊണ്ടാണ് അത് പറയുന്നത്. അതാണോ പൊതു രാഷ്ട്രീയത്തില്‍ വേണ്ടത്. സാധാരണ ഗതിയില്‍ സ്വീകരിക്കേണ്ട ചില മര്യാദകളുണ്ട്. എന്തടിസ്ഥാനം? വെറുതെ വിളിച്ച് പറയുകയാണോ ? ശുദ്ധ അപവാദം വിളിച്ച് പറയുമ്പോള്‍ അതിനെ അപവാദമായി കാണണം. എന്തെങ്കിലും വസ്തുത മാധ്യമപ്രവര്‍ത്തകരുടെ മുന്നിലുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ആരോടും പ്രകോപിതനാവുന്ന പ്രശ്‌നമല്ല. സാധാരണ നിലയില്‍ പാലിക്കേണ്ട മര്യാദ പാലിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ഗൗരവമായ ആക്ഷേപമാവുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ എല്ലാറ്റിനേയും ന്യായികരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു, മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും നിരവധി വട്ടം ചര്‍ച്ച നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here