ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപവീതവും മുന്‍സിപ്പാലിറ്റികള്‍ മൂന്ന് ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ സംയോജിത പദ്ധതിക്കായി വകയിരുത്തി. ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ നിശ്ചിത തുക വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡുകള്‍ തോറും ക്യാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി പരിശോധനയും നടത്തുന്നു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായവരെ താലൂക്ക് തലം മുതല്‍ മുകളിലേക്കുള്ള സർക്കാർ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നു.
ബയോപ്സി, എഫ്.എന്‍.എ.സി പാപ്സ്മിയര്‍ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകള്‍ ഈ ആശുപത്രികളില്‍ നടത്തും. പരിശോധനാ സാമ്പിളുകള്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറില്‍ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്നതോടെ നേരത്തെയുള്ള ക്യാൻസർ രോഗനിര്‍ണ്ണയം സാധ്യമാകുന്നു എന്നതാണ് ഇതിന്‍റെ സവിശേഷത. പദ്ധതിക്ക് കീഴില്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍, എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവയിലൂടെ തുടര്‍ചികിത്സയും ലഭ്യമാക്കും.
2019 ഡിസംബറില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 575 ബയോപ്സി സാമ്പിളുകള്‍ വിശകലനം ചെയ്തു. ഇതില്‍ 61 എണ്ണത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം സാധ്യമായി. ഇതില്‍ എട്ട് കേസുകളിൽ പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയം സാധ്യമായത് പദ്ധതിയുടെ വിജയമാണ്. പദ്ധതിക്ക് കീഴില്‍ ഇതുവരെ 80000ല്‍ അധികം ആളുകൾക്ക് ക്യാന്‍സര്‍ പ്രതിരോധ ബോധവത്ക്കരണം നൽകാാനായി.
പദ്ധതിയുടെ ഭാഗമായി മുന്നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കോവിഡ് 19 രോഗവ്യാപനത്തിന്‍റെ പ്രതിസന്ധികള്‍ക്കിടയിലും പദ്ധതി പുരോഗമിക്കുന്നത് ഇതിന്‍റെ വിജയമാണെന്ന് കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here