ആലുവ: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരണപ്പെട്ട മൂന്നുവയസുകാരൻ പൃഥ്വിരാജിന്റെ അമ്മ കടുങ്ങല്ലൂർ സ്വദേശിനി നന്ദിനിക്ക് പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ക്യാഷ്വൽ സ്വീപ്പർ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമന ഉത്തരവ് ലഭിച്ചു.

കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് നന്ദിനി നടത്തിയ അനിശ്ചതകാല സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകിയ ഉറപ്പുകളിലൊന്നാണ് ഇന്നലെ യാഥാർത്ഥ്യമായത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യയുടെ നിർദ്ദേശപ്രകാരം ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽ നിയമന ഉത്തരവ് നന്ദിനിക്ക് കൈമാറി. പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 35 ദിവസം ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിലാണ് സമരം നടത്തിയത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉറപ്പിനൊപ്പം കൊറോണ വ്യാപനത്തെ തുടർന്നുമാണ് സമരം താൽക്കാലികമായി നിർത്തിയത്. പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി ഇതോടൊപ്പം നന്ദിനി മുന്നോട്ടുപോവുകയാണ്.

നിയമന ഉത്തരവ് കൈമാറുമ്പോൾ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സുനിൽ സി. കുട്ടപ്പൻ, ലീഗൽ ഉപദേഷ്ടാവ് അഡ്വ. കെ.പി. ഷിബി, പൃഥ്വിരാജിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ബാബു, യശോധ, സഹോദരൻ തൃപ്തൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here