CPM FLAG

ആലുവ: വൻ പരാജയം നേരിട്ട ആലുവയിൽ ഇടതു മുന്നണിയിൽ സ്ഥാനാർത്ഥികളും സി പി എം   പ്രാദേശിക നേതൃത്വവും തമ്മിൽ തർക്കം രൂക്ഷമായി. ഇതിനിടയിൽ വോട്ട് മറിച്ചെന്ന് ആരോപിച്ച് മുൻ വനിതാ കൗൺസിലറായ ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കിയതോടെ പ്രവർത്തകരും നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.  

നഗരത്തിലെ വാർഡുകളിൽ 12,14,17,21 വോട്ടുകൾ വീതമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ജിസിഡിഎ ചെയർമാൻെറ വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥി 21 വോട്ടുമായി അഞ്ചാം സ്ഥാനത്താണ്. ഇതു കൂടാതെ ബി ജെ പിയുടെ മുന്നേറ്റത്തിന് കളമൊരുക്കിയെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്.

എൽ ഡി എഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തായത് നേതാക്കന്മാരുടെ താത്പര്യക്കുറവാണെന്നാണ് സ്ഥാനാർത്ഥികൾ തന്നെ പറയുന്നത്. പാർട്ടി കുടുംബങ്ങളും പ്രവർത്തകരും വോട്ട് മറിച്ചെന്ന ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

കനത്ത തോൽവിയുടെ ഉത്തരവാദികളായ ലോക്കൽ കമ്മിറ്റിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റിയംഗമായിരുന്ന മുൻ കൗൺസിലർ ലോലിത ശിവദാസൻ രംഗത്ത് വന്നു. തന്നെ പുറത്താക്കിയത് വിശദീകരണം ചോദിക്കാതെയാണെന്നും ലോലിത പറയുന്നു.
ജനഹിതം മനസിലാക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ലോക്കൽ കമ്മിറ്റിയിലെ പ്രമാണിമാർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നൽകിയതെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങൾ സ്വയം രാജിവെയ്ക്കുകയോ ഏരിയ കമ്മിറ്റി പുറത്താക്കുകയോ ചെയ്യണമെന്നും ലോലിത ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here