കൊച്ചി: അഴിമതി നടത്തി പാലം പൊളിച്ചവര്‍ പുറത്ത് സുഖവാസത്തില്‍, പൊതുജനങ്ങള്‍ക്കായി ഗതാഗതത്തിന് തുറന്നുകൊടുത്തവര്‍ ജയിലില്‍, നല്ല ഭരണമെന്ന് ജൂഡ് ആന്റണി . വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തന്നെ തുറന്ന സംഭവത്തിലാണ് പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് വന്നത്. വി ഫോര്‍ കേരള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷമായി അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പാലം പൊളിച്ചവര്‍ പുറത്ത് , പാലം തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അര്‍ധരാത്രി അറസ്റ്റില്‍ ,സുലാന്‍ എന്നായിരുന്നു ജൂഡിന്റെ പ്രതികരണം. ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകള്‍ തുറന്നത്.

സംഭവത്തില്‍ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു. നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ജനുവരി 1 ന് പാലം തുറക്കാന്‍ എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here