ന്യൂഡൽഹി: സിനിമാ തിയേറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്രം. മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായുള്ള അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സിനിമാ തിയേറ്ററുകളിൽ 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയിരുന്നത്. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തമിഴ്‌നാടിന് കത്ത് നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവൻ ആളുകളെയും ഉൾക്കൊള്ളിക്കാൻ സർക്കാർ തീരുമാനിച്ചത്. വിജയ് യുടെ മാസ്റ്റർ ഈ മാസം 13 ന് തീയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here