കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറണാകുളം പറവൂർ സ്വദേശിയായ ദീപക്കാണ് പിടിയിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം.
പ്രതി പെൺകുട്ടിയെ ബലമായി മദ്യം കുടിപ്പിക്കുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇടുക്കി ഡാം കാണാൻ സുഹൃത്തുക്കളുമായെത്തിയ ദീപക്ക് ഇവരെ പറഞ്ഞയച്ച ശേഷം പെൺകുട്ടിയെ കാണാനായി വീട്ടിലെത്തി. തുടർന്ന് കാറിൽ കയറ്റിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഉച്ചയോടെ പെൺകുട്ടിയെ കാണാതായതോടെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. യുവാവിനെ നേരത്തെ തന്നെ വീട്ടുകാർക്ക് സംശയമുണ്ടായിരുന്നതിനാലാണ് ഇയാളെ വേഗം പിടികൂടാൻ സാധിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടി. പീഡനശ്രമത്തിനും പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതിനും മദ്യം കുടിപ്പിച്ചതിനും പോലീസ് കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.