കൊച്ചിജ:നസേവ സ്ഥാപകന്‍ ജോസ് മാവേലി സപ്തതിയുടെ നിറവില്‍. ആലുവയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ സാമൂഹ്യസേവനരംഗത്ത് അരനൂറ്റണ്ടിധികമായി ജീവിതമര്‍പ്പിക്കുന്ന ജോസ് മാവേലിയെ ആദരിക്കുകയാണ്. ഒൻപതാംതീയതിചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ആലുവസൂര്യഹോട്ടല്‍ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് അദ്ദേഹത്തെ ഷാളണിയിച്ച് ആലുവയുടെ ആദരമര്‍പ്പിക്കും. അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റിവ് കെയര്‍ പ്രസിഡന്‍റ് ഡോ. ഹൈദരാലി, ധര്‍മ്മദീപ്തി മുന്‍ ഡയറക്ടര്‍ ഫാ. പോളി മാടശ്ശേരി, സാമൂഹ്യപ്രവര്‍ത്തകരായ ചിന്നന്‍ പൈനാടത്ത്, ഹംസക്കോയ, ഉദയകുമാര്‍, രവികുമാര്‍,  ജനസേവ പ്രസിഡന്‍റ് അഡ്വ. ചാര്‍ളിപോള്‍, ജനറല്‍ കണ്‍വീനര്‍ ജോബി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ശിശുഭവന്‍ മക്കള്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പറ്റുന്നില്ല. ശിശുഭവനിലെ കുട്ടികളില്‍ ചിലര്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ മൂന്ന് ദിവസമായി മുഴുവന്‍ കുട്ടികളും ക്വോറന്‍റീനിലാണ്.

എറണാകുളം ജില്ലയില്‍ എടക്കുന്ന് ഗ്രാമത്തില്‍ മാവേലി തോമസിന്‍റേയും, ഏല്യയുടേയും പത്ത് മക്കളില്‍ ഏഴാമനായിട്ടാണ് ജോസ് ജനിച്ചത്. ദാരിദ്ര്യത്തിന്‍റെ നിഴല്‍ വഴികള്‍ നിറഞ്ഞതായിരുന്നു ജോസിന്‍റെ കുട്ടിക്കാലം. ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് പ്രേഷിതാലയത്തിലെ അനാഥാലയത്തിലെ ഹൈസ്കൂള്‍പഠനകാലം ജോസ് മാവേലിയില്‍ മനുഷ്യനില്‍ നിറയേണ്ട സഹാനുഭൂതി എന്ന വികാരത്തെ ഏറെ തീവ്രതയോടെ ജ്വലിപ്പിച്ചു. പതിനേഴാം വയസില്‍ ജോസ് പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ നാട്ടിലെ ഇടവക പള്ളിയില്‍ രൂപീകരിച്ച ‘വിന്‍സെന്‍റ് ഡീ പോള്‍ സൊസൈറ്റി’യുടെ വൈസ്പ്രസിഡന്‍റായത് ജീവിത നിയോഗത്തിന്‍റെ ആകസ്മിതകളിലേയ്ക്കുള്ള യാത്രയുടെ തുടക്കവും ജോസില്‍ നിന്ന് ജോസ് മാവേലി എന്ന മനുഷ്യ സ്നേഹിയിലേയ്ക്കുള്ള പരിണാമത്തിന്‍റെ ആരംഭവുമായിരുന്നു. 1996-ല്‍ പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്കായി ജനസേവ സ്കോളര്‍ഷിപ്പ് പദ്ധതി, 1997-ല്‍ സ്കൂള്‍ കുട്ടികള്‍ക്കായി ജനസേവ സൗജന്യ ഉച്ചഭക്ഷണ പരിപാടി, 1999-ല്‍ തെരുവുമക്കള്‍ക്കായി ജനസേവ ശിശുഭവന്‍, 2002-ല്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കൈക്കുഞ്ഞുങ്ങള്‍ക്കായി ജനസേവ ഫൗണ്ട്ലിംഗ് ഹോം, 2008-ല്‍ ജനസേവ മക്കളുടെ കായികപോഷണത്തിനായി ജനസേവ സ്പോട്സ് അക്കാദമി, 2011-ല്‍ 18 വയസ് പൂര്‍ത്തിയാക്കിയ ശിശുഭവന്‍ മക്കളുടെ താമസത്തിനായി ജനസേവ യൂത്ത് ഹോസ്റ്റല്‍, 2014-ല്‍ ഗാര്‍ഹിക പീഡനങ്ങള്‍മൂലം ഒറ്റപ്പെട്ട് പോയ സ്ത്രീകളുടെ സുരക്ഷയ്ക്കായി ജനസേവ സ്ത്രീ രക്ഷാസമിതി, 2016-ല്‍ ഭവനരഹിത വിധവകളുടെ ക്ഷേമത്തിനായി ജനസേവ കാരുണ്യഭവന പദ്ധതി തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജോസ് മാവലി എന്ന മനുഷ്യസ്നേഹിയാല്‍ ആരംഭംകുറിച്ചവയില്‍ പ്രധാനപ്പെട്ടവയാണ്. സാമൂഹ്യതിന്മകള്‍ക്കെതിരെയും അഴിമതിക്കെതിരേയുമുള്ള പോരാട്ടത്തിനിടയില്‍ ജയില്‍വാസംവരെ അനുഭവിച്ചിട്ടുണ്ട്. കാരുണ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അനേകം അംഗീകാരങ്ങള്‍ നേടിയ ജോസ് മാവേലി അറിയപ്പെടുന്ന ഒരു കായികപ്രേമികൂടിയാണ്. അത്ലറ്റിക്ക്സില്‍ കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും യശസ്സുയര്‍ത്തിയ വെറ്ററന്‍ കായികതാരം. ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ പലതവണ നേടിയ ജോസ് മാവേലി 2020-ല്‍ നടന്ന നാഷണല്‍ മീറ്റില്‍ ‘ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍’ എന്ന ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here