ന്യൂഡല്‍ഹി : വ്യാപാരികൾ കടകൾ തുറക്കുമെന്ന് പറഞ്ഞ് മറ്റൊരു രീതിയിലേക്ക് പോയാൽ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനില്‍ക്കില്ലെന്നും വ്യാഴാഴ്ച ഉള്‍പ്പെടെ കടകള്‍ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടി പറയുകയായിരുന്നു പിണറായി . കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ.

സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകള്‍ നല്‍കുന്നുണ്ട്. നിയന്ത്രണങ്ങള്‍ മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം ആരിഫ് എം. പി. മുഖ്യമന്ത്രിക്ക് കത്തയച്ചു . ദീർഘനാളായി കടകൾ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായിമാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് എം പിയുടെ ആവശ്യം.

ബാറുകളും ബിവറേജ് ഷോപ്പുകളും തുറന്നിട്ടും കടകൾ തുറക്കാൻ അനുവദിക്കാത്തതിൽ വ്യാപാരികൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോഴിക്കോട് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. കടകൾ സാധാരണ രീതിയിൽ തുറക്കാൻ അനുവദിച്ച് തിരക്ക് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന അഭിപ്രായം ആരോഗ്യവിദഗ്ധരും പങ്കുവെയ്ക്കുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം

LEAVE A REPLY

Please enter your comment!
Please enter your name here