തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന് പോലീസ് ഉന്നതൻമാരെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന ആരോപണം നിഷേധിച്ച് പ്രവാസിയും ലോക കേരളസഭാ അംഗവുമായ അനിത പുല്ലയിൽ. മുൻ ഡിജിപി ലോക്നാഥ് ബെഹറക്ക് താൻ ഒരു പരാതിയും നൽകിയിട്ടില്ല. തനിക്കെതിരെ മോൺസൻ രണ്ടു സ്ത്രീകളെ കൊണ്ട് അപകീർത്തി കേസ് കൊടുപ്പിക്കാൻ ശ്രമിച്ചുവെന്നും അനിത പറഞ്ഞു.

‘പ്രവാസി മലയാളി ഫെഡറേഷന്റെ കോർഡിനേറ്റാറാണ് താൻ. ലോക കേരള സഭയിലെ അംഗം കൂടിയാണ്. രണ്ടു വർഷം മുമ്പ് എന്റെ പിതാവ് മരിച്ചപ്പോഴാണ് മോൺസൻ ആദ്യമായി എന്റെ വീട്ടിലേക്കെത്തുന്നത്. ആ ഘട്ടത്തിലാണ് അയാളുമായി പരിചയത്തിലാകുന്നത്. ഇറ്റലിയിൽ മാത്രമല്ല സംഘടനയിലെ സ്ത്രീ വിഭാഗത്തിന്റെ കോ-ഓർഡിനേറ്റർ എന്ന നിലക്ക് വിവിധ രാജ്യങ്ങളിലുള്ളവരുമായും സർക്കാർ പ്രതിനിധികളുമായും അവർ ഇവിടെ വരുമ്പോൾ ഞാൻ ബന്ധപ്പെടാറുണ്ട്. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാകുന്നത്.

ഇങ്ങനെയിരിക്കുമ്പോൾ മോൺസന്റെ വീട്ടിലേക്ക് ക്ഷണമുണ്ടായി. നിരവധി ആളുകൾ അന്നവിടെ ഉണ്ടായിരുന്നു. ഒരു കള്ളത്തരവും അന്നൊന്നും ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുമായി ഞാൻ മോൺസനെ പരിചയപ്പെടുത്തി നൽകിയിട്ടില്ല. ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണ്’, അനിത പറഞ്ഞു.

തന്നോട് നിരവധി പേർ മോൺസനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പ് വിവരം താൻ അറിയുന്നതെന്നും അനിത വ്യക്തമാക്കി. അനിതയാണ് മോൺസനെ പോലീസ് ഉന്നതരുമായി പരിചയപ്പെടുത്തിയതെന്നും അനിതയുമായി ഇയാൾ തെറ്റിയതോടെ പോലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോർട്ടുകൾ. ഇറ്റലിയിലാണ് നിലവിൽ അനിതയുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here