മകരസംക്രാന്തിയിൽ ഭക്ത നിർവൃതിയോടെ പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശിച്ച് അയ്യപ്പന്മാർ.  മകരജ്യോതി ഇത്തവണ ദർശിച്ചത് പതിനായിരങ്ങൾ  സന്നിധാന ത്തെത്തിച്ച തിരുവാഭരണമണിയിച്ച് അയ്യപ്പസ്വാമിക്കായുള്ള ദീപാരാധന നടന്നതോടെ മകരവിളക്ക് ദർശിക്കാനുള്ള സമയമാവുകയായിരുന്നു. ദീപരാധന കഴിഞ്ഞതോടെ ഭക്തജനങ്ങൾ പൊന്നമ്പലമേട്ടിലേക്ക് തിരിഞ്ഞ് കൈകൾ കൂപ്പി ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ടേയിരുന്നു. മകരനക്ഷത്രം ആകാശത്ത് തെളിഞ്ഞുനിൽക്കേ, പൂർണ്ണചന്ദ്രൻ നിറശോഭയോടെ ചക്രവാളത്തിൽ ഉദിച്ചുനിൽക്കേ പരമ്പരാഗത കാനന മേഖലയിലെ പുണ്യംനിറഞ്ഞ തറയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.

പതിനായിരങ്ങൾ അതിരാവിലെ മുതൽ കാത്തിരുന്ന മുഹൂർത്തമാണ് ഭക്തിനിർഭരമായി പൂർത്തിയായത്. രണ്ടുവർഷമായി ശബരിമലയിലെത്തി അയ്യപ്പദർശനം നടത്താനാകാതിരുന്ന ലക്ഷക്കണക്കിന് അയ്യപ്പന്മാർക്കാണ് ജന്മപുണ്യമായ മകരവിളക്ക് ദർശനം നേരിട്ട് അനുഭവിക്കാനായത്.

ശബരീപീഠവും ശരംകുത്തിയാലും കടന്നാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് എത്തിയത്. പന്തള രാജാവിന്റെ പുത്രനായ മണികണ്ഠകുമാരന്റെ ആചാരപരമായ ആഭരണങ്ങളും കൊടിക്കൂറയും ആയുധങ്ങളും കലശങ്ങളും അടങ്ങുന്ന മൂന്ന് പെട്ടികൾ ആറരയോടെ ശബരിമല സന്നിധാനത്തേക്ക് എത്തിച്ചേർന്നു.  അയ്യപ്പസ്വാമിയുടെ കടാക്ഷത്തിൽ ഭക്തിയുടെ മൂർദ്ധന്യതയിൽ തുളളിയുറഞ്ഞാണ് പേടക വാഹക സംഘം സന്നിധാനത്തേക്ക് എത്തിയത്. രണ്ടായിരത്തോളം വരുന്ന തിരവാഭരണം പേടകം വഹിച്ച ഭക്തർ വർഷങ്ങളായി നടത്തുന്ന അവരുടെ സേവനമാണ് ഭക്തി നിർഭരമായി പൂർത്തിയാക്കിയത്. രണ്ടായിരത്തോളം വരുന്ന പോലീസ് സേനാ വിഭാഗമാണ് മകരവിളക്ക് ദർശന സമയത്ത് സുരക്ഷ നൽകാൻ നിയോഗിക്കപ്പെട്ടത്.തിരുവാഭരണം നടപ്പന്തൽ കടന്ന് പതിനെട്ടാം പടിക്ക് താഴെ എത്തിയതോടെ ഭക്തർ കർപ്പൂരാരതി ഉഴിഞ്ഞു സ്വീകരിച്ചു. തുടർന്ന് ആദ്യം കൊടിപ്പെട്ടിയും കലശപ്പെട്ടിയും മാളികപ്പുറത്തേക്ക് ആനയിക്കപ്പെട്ടു. അതേ സമയം തന്നെ തിരുവാഭരണപേടകം പതിനെട്ടാം പടികയറ്റി ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചു. സ്വർണ്ണക്കൊടിമരച്ചുവട്ടിലെത്തി പ്രദക്ഷിണംവെച്ച് ശ്രോകോവി ലിലേക്ക് ഭക്തസംഘം പേടകത്തെ ശിരസിലേറ്റിതന്നെ എത്തിച്ചു. ശരണംവിളിയോടെ അവർ ശ്രീകോവിലിന്റെ തിരുനടയിൽ നമസ്‌ക്കരിച്ചാണ് പേടകം സമർപ്പിച്ചത്. സായംസന്ധ്യയിൽ 6.40നാണ് തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങിയത്. 6.50ന് ദീപാരാധനയ്‌ക്കായി കൂട്ടമണി മുഴങ്ങിയതോടെ ശരണമയ്യപ്പാ വിളികൾ ഉയർന്നു. പൊന്നമ്പലമേട്ടിൽ കൃത്യസമയത്ത് മകരജ്യോതി മൂന്നു തവണ ജ്വലിച്ചതോടെ ഭക്തർ മകരജ്യോതി കണ്ട് നിർവൃതി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here