കൊച്ചി:ലുലു മാളിലെ പാർക്കിങ് ഫീസ് പിരിവിനെതിരെ ഹൈക്കോടതി.ലുലു മാളിൽ അനധികൃതമായാണ് പാർക്കിംഗ് ഫീസ് പിരിവ് നടക്കുന്നതെന്നും,പാർക്കിങ് ഫീസിന്റെ പേരിൽ പിടിച്ചുപറിയാണ് നടക്കുന്നതെന്നുമുള്ള പരാതിയിൽ മാളധികൃതരുടെ നടപടി അനുചിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇടപ്പള്ളി ലുലു മാളിന് പാർക്കിങ്ങ് ഫീസ് ഈടാക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്നറിയിക്കാൻ കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. ബിൽഡിംഗ് റൂൾ പ്രകാരം പാര്‍ക്കിങ്ങ് സ്ഥലം വേണം. ചട്ടപ്രകാരം ഉള്ള നടപടിയാണിതെന്നും അതിൽ എങ്ങനെ ഫീസ് ഈടാക്കാനാവുമെന്നും കോടതി ആരാഞ്ഞു.

ലുലു മാൾ അനധികൃത പാർക്കിങ്ങ് ഫീസ് പിരിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനും, നടനും;,സംവിധായകനുമായ പോളി വടക്കൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

പാര്‍ക്കിങ് സ്ഥലം ഉണ്ടാകുമെന്ന ഉപാധിയിലാണ് കെട്ടിടത്തിന് പെര്‍മിറ്റ് കൊടുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ശേഷം ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. പ്രഥമദൃഷ്ട്യാ അത് പാടില്ല എന്നതാണ് എന്റെ അഭിപ്രായം. ഈ വിഷയത്തില്‍ മുന്‍സിപ്പാലിറ്റിയുടെ നിലപാടാണ് അറിയേണ്ടത്, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

അനധികൃതമായാണ് ലുലു മാള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് എന്നതാണ് ഹര്‍ജിക്കാരുടെ പരാതി. അതേ സമയം ലുലുമാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.ശ്രീകുമാര്‍ കേരള മുന്‍സിപ്പാലിറ്റി ആക്‌ട് 447 പ്രകാരം തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നും വാദിച്ചു. തങ്ങളുടെ നിലപാടിനെ തുണയ്ക്കുന്ന ഹൈക്കോടതിയുടെ മുന്‍ വിധികള്‍ ഉണ്ടെന്നും ലുലുമാള്‍ അധികൃതര്‍ വാദിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി മുന്‍സിപ്പാലിറ്റിയുടെ നിലപാട് ആരാഞ്ഞത്.

കേസ് ഇനി ജനുവരി 28 നാണ് പരിഗണിക്കുക. റിട്ട് ഹര്‍ജിയിലെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ലുലുവിന് ഇനി പാര്‍ക്കിങ് ഫീസ് പിരിക്കാമോ എന്ന് തീരുമാനിക്കുക. അതുവരെ സ്വന്തം റിസ്‌കില്‍ ലുലുവിന് പാര്‍ക്കിങ് ഫീസ് പിരിക്കാമെന്നും കോടതി വിശദീകരിച്ചു.

ഈ വിഷയത്തില്‍ ആദ്യ പരാതി നല്‍കിയത് സാമൂഹിക പ്രവര്‍ത്തകനായ ബോസ്‌കോ ലൂയിസാണ്. ഡിസംബര്‍ രണ്ടിന് ലുലു മാളില്‍ പോയപ്പോള്‍ 20 രൂപ പാര്‍ക്കിങ് ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ പോളി വടക്കനും ഹര്‍ജി നല്‍കി. താന്‍ ആദ്യം തുക അടയ്ക്കാന്‍ തയ്യാറാകാതെ ഇരുന്നപ്പോള്‍ മാളിലെ ജീവനക്കാര്‍ എക്‌സിറ്റ് ഗേറ്റുകള്‍ അടയ്ക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വടക്കന്‍ ആരോപിച്ചിരുന്നു.

1994 ലെ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെയും കേരള മുന്‍സിപ്പാലിറ്റി നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് ലുലുവിന്റെ പാര്‍ക്കിങ് ഫീസ് പിരിക്കല്‍ എന്നാണ് ഹര്‍ജികളില്‍ ആരോപിച്ചത്. മാള്‍ എന്ന് പറയുന്നത് വാണിജ്യ സമുച്ചയം ആണെന്നും കെട്ടിട പ്ലാന്‍ പ്രകാരം പാര്‍ക്കിങ്ങിനായി മാറ്റി വച്ചിരിക്കുന്ന സ്ഥലം പേ ആന്‍ഡ് പാര്‍ക്ക് സംവിധാനമായി മാറ്റാന്‍ ആവില്ലെന്നും ആണ് വാദം. അങ്ങനെ മാറ്റം വരുത്തിയാല്‍ അത് നിയമത്തിന് മുമ്ബാകെ നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് നേരത്തെ വാദത്തിനിടെ ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും, തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന്ലുലുമാള്‍അധികൃതര്‍വ്യക്തമാക്കി. 2010 മുതല്‍ ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നുണ്ടെന്നും അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും പോളി വടക്കന്‍ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here