മലമ്പുഴ: ബാബുവിനെ എയർലിഫ്റ്റ് ചെയ്തു. മലമുകളിൽ നിന്ന് ബാബുവിനെ ഹെലികോപ്റ്ററിലേക്ക് കയറ്റി.സുലൂരിൽ നിന്നാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയത്. ചെറോട് മലയിൽ നിന്ന് ബാബുവിനെ ഹെലികോപ്റ്ററിൽ ഏറ്റവും അടുത്തുള്ള ഹെലിപാഡിലെത്തിച്ച് റോഡ് മാർഗം പാലക്കാട് ആശുപത്രിയിലെത്തിക്കാനാണ് തീരുമാനം.

ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടിയത്.രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേർ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയർ അരയിൽ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്.

45 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തന്നെ രക്ഷിക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും ബാബു നന്ദി പറഞ്ഞു. മലയിടുക്കിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് കോരിയെടുത്ത ഇന്ത്യൻ സൈനികൻ ബാലെയ്‌ക്ക് സ്‌നേഹ ചുംബനം നൽകിയായിരുന്നു ബാബു നന്ദി അറിയിച്ചത്.സൈന്യത്തിന്റെ സേവനത്തിന് ഭാരത് മാതാ കീ ജയ് വിളിച്ചാണ് സുഹൃത്തുക്കൾ നന്ദി അറിയിച്ചത്. ബാബുവിനെ രക്ഷിക്കാൻ പരിശ്രമിച്ച സൈനികരെ കരഘോഷങ്ങൾ മുഴക്കിയും ജയ് വിളിച്ചുമാണ് ബാബുവിന്റെ സുഹൃത്തുക്കളും നാട്ടുകാരും സന്തോഷമറിയിച്ചത്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റർ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കയറുന്നതിനിടയിൽ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോൾ കാൽ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here