മൗണ്ട് മാംഗുനയ്: വനിത ലോകകപ്പ് ക്രിക്കറ്റിൽ ചിര വൈരികളായ പാകിസ്താനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും നിറഞ്ഞാടിയ മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 245 റൺസിന്റെ വിജയ ലക്ഷ്യത്തിനു മുന്നിൽ പകച്ചു പോയ പാകിസ്താൻ 43 ഓവറിൽ 137 റൺസെടുത്ത് ഓൾ ഔട്ടാവുകയായിരുന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് വേണ്ടി സ്മൃതി മന്ഥനയും സ്നേഹ് റാണയും പൂജ വസ്ത്രകാറുമാണ് ഉജ്ജ്വല പ്രകടനം കാഴ്‌ച്ച വച്ചത്. ദീപ്തി ശർമ്മയും ഭേദപ്പെട്ട സ്കോറുമായി ഇവർക്ക് പിന്തുണ നൽകി. ഒരു ഘട്ടത്തിൽ ആറു വിക്കറ്റിന് 114 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്. ഏഴാം വിക്കറ്റിൽ സ്നേഹ് റാണയും പൂജ വസ്ത്രകാറും ചേർന്ന് നേടിയ 122 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്.

മൂന്നാം ഓവറിൽ തന്നെ സ്റ്റാർ ബാറ്റർ ഷെഫാലി വർമ്മയെ നഷ്ടമായെങ്കിലും ദീപ്തി ശർമ്മയുമായി ചേർന്ന് സ്മൃതി മന്ഥാന ഇന്ത്യൻ സ്കോർ ഉയർത്തി. സ്കോർ 96 ൽ നിൽക്കെ 40 റൺസെടുത്ത ദീപ്തി ശർമ്മ പുറത്തായി. തൊട്ടുപിന്നാലെ സ്മൃതി മന്ഥാനയും പുറത്തായതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 98 റൺസ് എന്ന നിലയിലായി. 10 റൺസ് കൂടി ചേർക്കുന്നതിനിടെ ഹർമൻ പ്രീത് കൗറിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 112ൽ വച്ച് റിച്ചാ ഘോഷും 116 ലെത്തിയപ്പോൾ ക്യാപ്ടൻ മിതാലി രാജും പവലിയൻ കയറിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.

എന്നാൽ ഏഴാം വിക്കറ്റിൽ ഒരുമിച്ച് ചേർന്ന സ്നേഹ് റാണ – പൂജ വസ്ത്രകാർ സഖ്യം ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്തതോടെ കളി ഇന്ത്യയുടെ വരുതിയിലായി. 59 പന്തിൽ 67 റൺസെടുത്ത പൂജ പാക് ബൗളർമാരെ കണക്കിന് ശിക്ഷിച്ചു. എട്ട് മനോഹരമായ ബൗണ്ടറികൾ പൂജയുടെ ഇന്നിംഗ്സിന് മാറ്റേകി. മറുവശത്ത് 48 പന്തിൽ 53 റൺസെടുത്ത് സ്നേഹ് റാണ പുറത്താകാതെ നിന്നു. സ്മൃതി മന്ഥന 52 റൺസും ദീപ്തി ശർമ്മ 40 റൺസുമെടുത്തു. പാകിസ്താനു വേണ്ടി നിദ ദറും നസ്ര സന്ധുവും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.

245 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തിയില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ ബൗളർമാർ ഒരു കൂട്ടുകെട്ടിനേയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഓപ്പണർ സിദ്ര അമീൻ മാത്രമാണ് പിടിച്ചു നിന്നത്. 30 റൺസെടുത്ത അമീനൊപ്പം വാലറ്റത്ത് പൊരുതിയ ഡയാന ബേഗ് ആണ് പാകിസ്താനെ നാണം കെട്ട തോൽവിയിൽ നിന്ന് രക്ഷിച്ചത്. ഡയാന ബേഗ് 24 റൺസെടുത്തു.

ഇന്ത്യയ്‌ക്ക് വേണ്ടി രാജേശ്വരി ഗെയ്‌ക്ക്‌വാദ് 31 റൺസിന് നാല് വിക്കറ്റുകൾ വീഴ്‌ത്തി. ജുലൻ ഗോസ്വാമിയും സ്നേഹ് റാണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി മികച്ച പിന്തുണ നൽകി. പൂജ വസ്ത്രകാർ ആണ് പ്ലേയർ ഓഫ് ദ മാച്ച്

LEAVE A REPLY

Please enter your comment!
Please enter your name here