കണ്ണൂർ:കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്തിയതിന് ശേഷം, സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കൊപ്പമാണ് കോണ്‍ഗ്രസും ലീഗും. വികസന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്ന് മാത്രമാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത്. പാര്‍ലമെന്റിലും കേരളത്തിനായി ശബ്ദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടില്‍ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. രാജ്യത്ത് നാള്‍ക്കുനാള്‍ കോണ്‍ഗ്രസ് ശോഷിച്ച്‌ ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുസമ്മേളനവേദിയായ എ കെ ജി നഗറില്‍ ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെ, പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി.

ഇകെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധന്‍ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.

പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍നിന്നും കൊടിമരം കയ്യൂര്‍ സമരഭൂമിയില്‍നിന്നുമാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here