കൊച്ചി: ഏതും സ്വാംശീകരിക്കാനുള്ള അസാധാരണത്വമാണ്ലോകത്ത് മറ്റുമതങ്ങള്‍ തകര്‍ത്തെറിയപ്പെട്ടപ്പോഴും ഹിന്ദുമതം നിലനിൽക്കുന്നതിന്കാരണമായിരിക്കുന്ന തെന്ന് ലോകപ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യം. സ്ത്രീകളെ ഇത്രത്തോളം ബഹുമാനിക്കുന്ന സംസ്കാരവും ഹിന്ദു മതത്തിൽ മാത്രമാണെന്ന് അവർ വിശദീകരിച്ചു.
ആലുവ വൈഎംസിഎ ഹാളില്‍ തപസ്യ കലാ-സാഹിത്യവേദി 46-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ലോകത്ത് ഒരു മതത്തിലും ഹിന്ദു മതത്തിലെപ്പോലെ സ്ത്രീകൾക്ക് ആദരവും സ്ഥാനവും നൽകുന്നില്ല. നമ്മുടെ അര്‍ദ്ധനാരീശ്വര സങ്കല്പം തന്നെ അതിന് തെളിവാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നമ്മുടെ തലച്ചോറിൻ്റെ ഒരു ഭാഗം ശക്തിയും മറു ഭാഗം ബുദ്ധിയുമാണ്. നാമോരോരുത്തരിലുംഓരോഅർദ്ധനാരീശ്വരന്മാരുണ്ട്.യുഎൻ സ്വിറ്റ്സർലൻഡിൽ നടത്തിയ ലോക ആത്മീയ കോൺഫ്രൻസിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ ഞാൻ അർദ്ധനാരീശ്വരമാണ് അവതരിപ്പിച്ചത്. അവിടെ ആദരിക്കപ്പെട്ട ആത്മീയ വ്യക്തിത്വം മാതാ അമൃതാനന്ദമയി ആയിരുന്നു.ഇന്ത്യയുടെയാകെ അഭിമാന നിമിഷമായിരുന്നു അത്, പത്മ സുബ്രഹ്മണ്യം പറഞ്ഞു.
ഒരു സിനിമ ക്കമ്പനി നൂറു വർഷം തികയ്ക്കുന്നത് വലിയ കാര്യമല്ല. പക്ഷേ, ഇത്രത്തോളം എതിർ ഘടകങ്ങളുണ്ടായിട്ടും തപസ്യ കേരളത്തിൽ 46 വർഷമായി വിജയകരമായി പ്രവർത്തിക്കുന്നുവെന്നത് വലിയ നേട്ടമാണ്.
തപസ്യ ഗുരുവാണ്, ദേശീയതയുടേയും, സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ നമ്മെ പഠിപ്പിക്കുന്നു. നിരവധി യാതനകള്‍ തരണം ചെയ്താണ് തപസ്യ നാലരപ്പതിറ്റാണ്ട് പിന്നിടുന്നത്. മറ്റുള്ളവരുടെ ഇരുണ്ട ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ നാം ഓരോരുത്തരും കടപ്പെട്ടിട്ടുണ്ട്. അതാണ് തപസ്യ ചെയ്യുന്നതും. ആദ്യശങ്കരാചാര്യരുടെ കാലടി പതിഞ്ഞ മണ്ണില്‍ നില്‍ക്കുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്. അദ്ദേഹത്തിന്റെ ചൈതന്യം ഇവിടെ എല്ലായിടത്തുമുണ്ട്. അദ്ദേഹത്തിന്റെ ആത്മീയത കേരളത്തിലും ഭാരതത്തിലും മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അവര്‍ വ്യക്തമാക്കി.
ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. ഡോ. കലാമണ്ഡലം സുഗന്ധിയെ ഡോ. പത്മ സുബ്രഹ്മണ്യം ആദരിച്ചു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ആഷ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എ. കൃഷ്ണന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം,ജില്ലാ സെക്രട്ടറി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാർ, തപസ്യ മുൻ അധ്യക്ഷൻ എസ്. രമേശൻ നായരെക്കുറിച്ച് എഴുതിയ ‘കവി പൗര്‍ണമി’ ആഷാ മേനോന് നൽകി ഡോ. പത്മ സുബ്രഹ്മണ്യം പ്രകാശനം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here