കൊച്ചി:ആംആദ്മി പാര്‍ട്ടി ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. കൊച്ചി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പൊതുസമ്മേളനത്തിലാണ് കെജ്‌രിവാളിന്റെ  നിര്‍ണായക പ്രഖ്യാപനം.  കേരളത്തിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപിക്ക് കഴിയുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു‍. എഎപി ഡല്‍ഹിയില്‍  അഴിമതി ഇല്ലാതാക്കി,ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി വേണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മിയുടെ വളര്‍ച്ച ഒരു മാജിക്കാണ്. ഡല്‍ഹിയില്‍ മൂന്നുവട്ടം സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും നേട്ടമുണ്ടാക്കി. ഡല്‍ഹിയും പഞ്ചാബും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി പാര്‍ട്ടി വരും. ജനങ്ങള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നാല് രാഷ്ട്രീയ സഖ്യങ്ങളാണുള്ളത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ, ഞങ്ങളുടെ സഖ്യം ജനക്ഷേമ സഖ്യം എന്നറിയപ്പെടുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കെജ്‌രിവാള്‍ എണ്ണിപ്പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ സൗജന്യമയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. സൗജന്യ വൈദ്യുതി എല്ലാവര്‍ക്കും നല്‍കുന്നതിനാല്‍ അവിടെയുള്ള ഇന്‍വേര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടി. പൂജ്യം രൂപയുടെ ബില്ലാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി വേണ്ടേ എന്ന് അദ്ദേഹം ചോദിച്ചു.

സാബു എം ജേക്കബും ട്വന്റി ട്വന്റിയും ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here