ന്യൂഡൽഹി: 14 തവണ സ്വർണം നേടിയ ഇന്തോനേഷ്യയെ തകർത്ത് തോമസ് കപ്പിൽ കന്നിക്കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹവുമായി രാജ്യം

കേന്ദ്ര കായിക മന്ത്രാലയം ടീമിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു..ചരിത്രം രചിച്ചിരിക്കുന്നു. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിന് അഭിനന്ദനങ്ങൾ. അസാധാരണമായ നേട്ടമാണിത്. ശക്തരായ മലേഷ്യ, ഡെൻമാർക്ക്, ഇന്തോനേഷ്യ എന്നിവർക്കെതിരെ ഇന്ത്യ ജയിക്കുകയുണ്ടായി. 14 തവണ ചാംപ്യൻഷിപ്പ് നേടിയ ഇന്തോനേഷ്യയെ തോൽപ്പിക്കുകയെന്നത് മഹത്തായ നേട്ടമാണ്. ടീമിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ട്വിറ്ററിൽ കുറിച്ചു.

ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ ചരിത്രം രചിച്ചിരിക്കുന്നു. തോമസ് കപ്പിലെ ജയം ഇന്ത്യയെ മുഴുവൻ സന്തോഷിപ്പിച്ചു. ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ ടീമിനെ ആശംസിക്കുന്നു. ഭാവി കായിക താരങ്ങൾക്ക് ഇന്ത്യയുടെ ഈ വിജയം പ്രചോദനമാകട്ടെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

വിസ്മയിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതുപോലെയായിരുന്നത്. അല്ലെങ്കിൽ അതിനേക്കാൾ വലിയ നേട്ടമെന്ന് പറയാമെന്നായിരുന്നു ദേശീയ ടീം ചീഫ് കോച്ചായ പുല്ലേല ഗോപിചന്ദിന്റെ വാക്കുകൾ.

തായ്‌ലാന്റിൽ നടന്ന ഫൈനലിൽ 3-0 ത്തിനാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്.ഇതോടെ തോമസ് കപ്പ് നേടുന്ന ആറാമത്തെ രാജ്യമായിയിരിക്കുകയാണ് ഇന്ത്യ. കിഡംബി ശ്രീകാന്തും സാത്വിക് സായ് രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്പികൾ.

മലേഷ്യയെയും ഡെൻമാർക്കിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.ക്വാർട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശിൽപി.

LEAVE A REPLY

Please enter your comment!
Please enter your name here