തിരുവനന്തപുരം:പെട്രോൾ- ഡീസൽ നികുതി കുറച്ച് സംസ്ഥാന സർക്കാരും. പെട്രോളിന് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്.

കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനവും നികുതി കുറയ്‌ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ പെട്രോളിന് എട്ട് രൂപയും, ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിന് പുറമേ പാചക വാതകത്തിന് 200 രൂപ സബ്‌സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസർക്കാർ ഇന്ധന നികതി കുറച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനവും നികുതി കുറയ്‌ക്കണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിനിടെയാണ് സംസ്ഥാനവും നികുതി കുറയ്‌ക്കാൻ ഒരുങ്ങുന്നതായുള്ള ധനമന്ത്രിയുടെ അറിയിപ്പ്. നേരത്തെ കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ സംസ്ഥാനം ഒരു രൂപ പോലും കുറയ്‌ക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. കേരളം ഉൾപ്പെടെയുള്ള ചുരുക്കം സംസ്ഥാനങ്ങൾ മാത്രമാണ് അന്ന് നികുതി കുറയ്‌ക്കാൻ തയ്യാറാകാതിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് ആനുപാതികമായി നികുതി കുറച്ചിരുന്നു. നികുതി കുറയ്‌ക്കാത്ത സംസ്ഥാനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രിയുൾപ്പെടെ രംഗത്ത് വന്നിരുന്നു.

ഇക്കുറിയും നികുതി കുറയ്‌ക്കാതിരിക്കുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്രം കുറച്ചതിന് പിന്നാലെയുള്ള നടപടി. ആറ് വർഷമായി ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന ന്യായമാണ് വില കുറയ്‌ക്കാതിരിക്കാൻ സംസ്ഥാനം ഉയർത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here