പാലക്കാട്: തന്‍റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ്. യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത് – സ്വപ്ന പറയുന്നു. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറിൽ പാലക്കാട്ടെ സ്വപ്നയുടെ ഫ്ലാറ്റിലെത്തിയത്. ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

‘എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ, പാലക്കാട്ടെ എന്‍റെ ഫ്ലാറ്റിൽ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്’, എന്ന് സ്വപ്ന സുരേഷ് പറയുന്നു.

ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ചിരുന്നു.

സ്വപ്നയുടെ ആരോപണമിങ്ങനെ: ”സിസിടിവിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കോമഡേഷനിൽ നിന്ന് സരിത്തിനെ ‘തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകൽ. അതായത് ഇനി അടുത്ത ടാർഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിർത്തണം. പ്ലീസ്. സത്യം മാത്രമേ ഞാൻ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആർക്കും ആരെയും പട്ടാപ്പകൽ എന്തും ചെയ്യാം കേരളത്തിൽ. എന്‍റെ വീട്ടിൽ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. പൊലീസെന്ന് പറഞ്ഞിട്ടാണ് അവര് വന്നത്. യൂണിഫോമോ ഐഡി കാർഡോ അവർക്കുണ്ടായിരുന്നില്ല. ബിൽടെക് അവന്യൂ എന്ന് പറയുന്ന എന്‍റെ ഫ്ലാറ്റിൽ നിന്നാണ് അവർ സരിത്തിനെ പിടിച്ചുകൊണ്ട് പോയത്. ഇപ്പോഴാണ് അവര് സരിത്തിനെ കൊണ്ടുപോയത്. അവരെന്നെ ആക്രമിക്കാൻ തുടങ്ങുകയാണ്. രാവിലെ ഞാൻ മാധ്യമങ്ങളെ കണ്ട് പതിനഞ്ച് മിനിറ്റിന് ശേഷമാണിത്. അവര് പൊലീസല്ല. അവര് ഫോൺ പോലും എടുക്കാൻ സമ്മതിക്കാതെയാണ് സരിത്തിനെ കൊണ്ടുപോയത്. സരിത്ത് എവിടെയാണ് എന്നറിയില്ല. സരിത്തിന്‍റെ വീട്ടുകാര് ഇത് കേൾക്കുന്നുണ്ടെങ്കിൽ ടെൻഷനടിക്കരുത്. എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്ത്. സരിത്തിന് വേണ്ട പ്രൊട്ടക്ഷൻ ഈ എൻജിഒ കൊടുക്കും”, എന്ന് സ്വപ്ന.

LEAVE A REPLY

Please enter your comment!
Please enter your name here