കൊച്ചി:ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന വീട്ടിൽ നിന്നു സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവിൽപോയ നാലു പ്രതികളുടെയും ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി.കണ്ണൂർ ശങ്കരനല്ലൂർ നഹല മഹൽ പി.കെ ഹാരിസ്, കണ്ണൂർ പള്ളിപറമ്പത്ത് അബ്ദുൾ ഹമീദ്, കണ്ണൂർ ഷങ്കരനല്ലൂർ ബി.കെ അബൂട്ടി, ഗോവ ഗുരുദ്വാര ഡേവിഡ് ഡയസ്, എന്നിവരുടെ ലുക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്.

ഈ കേസിൽ റെയിൽവെ ജീവനക്കാരനായ മൗലാലി ഹബീബുൽ ഷേയ്ക് എന്നയാളെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഗോവയിൽ നിന്ന് പിടികൂടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വർണവും പണവും കവർന്നത്. ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സഞ്ജയിയുടെ വീട്ടിൽ നിന്നും 50 പവൻ സ്വർണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്.

വീട്ടുകാരുടെ മൊബൈൽഫോണുകൾ ഇവർ വാങ്ങിവെച്ച് സഞ്ജയോടും ഭാര്യയോടും റെയ്ഡിന് സഹകരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഏകദേശം രണ്ടുമണിക്കൂറോളമാണ് സംഘം വീട്ടിനുള്ളിൽ പരിശോധന നടത്തിയത്. ഇതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൈക്കലാക്കി. സഞ്ജയുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളും വാങ്ങിയിരുന്നു.ഒടുവിൽ വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്‌ക് അടക്കം സംഘം കൊണ്ടുപോയപ്പോഴാണ് ഗൃഹനാഥന് സംശയം തോന്നിയതും പോലീസുകാരെ വിവരമറിയിച്ചതും

LEAVE A REPLY

Please enter your comment!
Please enter your name here