മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. സ്വന്തം വീടായ മാതോശ്രീയിലേക്ക് ആണ് മടക്കം. ഉദ്ധവ് താക്കറെ ഏത് നിമിഷവും രാജി വെച്ചേക്കാം എന്നതിന്റെ സൂചനയായാണ് ഔദ്യോഗിക വസതി ഒഴിയുന്നതിനെ രാഷ്‌ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ഒഴിഞ്ഞ ഉദ്ധവിന് അനുയായികൾ യാത്രയയപ്പ് നൽകി. മഹാരാഷ്‌ട്ര സർക്കാരിന് സാങ്കേതികമായി ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് ഉദ്ധവിന്റെ നടപടി. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എം എൽ എമാർ നിലപാടിൽ ഉറച്ചു നിന്നതോടെ ഗത്യന്തരമില്ലാതെയാണ് ഉദ്ധവ് വർഷയുടെ പടി ഇറങ്ങുന്നത്.

ഹിന്ദുത്വമാണ് പരമപ്രധാനമെന്ന നിലപാടാണ് ഏകനാഥ് ഷിൻഡെ ഇപ്പോഴും തുടരുന്നത്. മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഗുണം ലഭിച്ചത് കോൺഗ്രസിനും എൻസിപിക്കുമാണെന്ന് ഷിൻഡെ പറഞ്ഞു. ശിവസൈനികർ അവിശുദ്ധ അവസരവാദ സഖ്യം വിട്ട് പുറത്തു വരണമെന്നും ഷിൻഡെ പറഞ്ഞു. ബിജെപിക്കൊപ്പം ചേരാനാണ് തനിക്ക് താത്പര്യമെന്ന് ഷിൻഡെ അറിയിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യം വന്നാൽ ഒഴിയും. അധികാരത്തോട് അമിത ആഗ്രഹമില്ല. ഔദ്യോഗിക വസതിയിൽ നിന്നും ഒഴിയാൻ തയ്യാറാണെന്നും ഉദ്ധവ് പറഞ്ഞിരുന്നു. വിമതർക്ക് തന്നെ ആവശ്യമില്ലെങ്കിൽ രാജിക്ക് തയ്യാറാണെന്ന് വൈകാരികമായി ഉദ്ധവ് പറഞ്ഞു. രാജിക്കത്ത് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഹിന്ദുത്വത്തിൽ നിന്നും താൻ ഒരിക്കലും പിന്നോട്ട് പോയില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ വശങ്ങളാണ്. തനിക്കെതിരെ ഒരു എം എൽ എ എങ്കിലും വോട്ട് ചെയ്താൽ ആ നിമിഷം തന്നെ രാജി വെക്കുമെന്നും ഉദ്ധവ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here